കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം തെരെഞ്ഞെടുപ്പില്‍ ഐപിഎല്ലിലെ പ്രകടനങ്ങളും വലിയ പങ്കുവഹിക്കാറുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അശ്വിന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കളിച്ചതിനുമെല്ലാം കാരണം ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളായിരുന്നു. ജൂണ്‍ മാസത്തില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുക എന്നത് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലാണ് തുറന്നുകൊടുക്കുന്നത്.
പ്രധാനമായും വിക്കറ്റ് കീപ്പിങ് ഓപ്ഷന്‍ ആരാകണമെന്നാണ് ഐപിഎല്ലിലൂടെ ബിസിസിഐ വിലയിരുത്തുന്നത്. അതേസമയം ബൗളിംഗില്‍ ഇന്ത്യയ്ക്ക് എല്ലാകാലവും അകലെയായിരുന്ന റോ പേസ് ഓപ്ഷനിലേക്ക് ഒരു യുവതാരത്തിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗവിനായി കളിച്ച രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി 150 കിമീ+ ക്ലോക്ക് ചെയ്ത മായങ്ക് യാദവ് പേസറെന്ന നിലയില്‍ അമ്പരപ്പിക്കുന്നതായും ലോകകപ്പ് ടീമിലേക്ക് 21കാരനായ താരത്തെ പരിഗണിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
ഐപിഎല്ലില്‍ അരങ്ങേറ്റത്തിലെ ആദ്യ 2 മത്സരങ്ങളിലും 21കാരനായ താരമായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. വന്യമായ വേഗതമാത്രമല്ല ലൈനിലും ലെങ്തിലുമുള്ള സൂഷ്മതയും പ്രായവും മായങ്കിന് അനുകൂലഘടകങ്ങളാണ്. 2 കളികളില്‍ നിന്നായി 6 വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ദില്ലിയുടെ താരമായ മായങ്കിനെ വെറും 20 ലക്ഷം രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബിനെതിരെ 27 റണ്‍സിന് 3 വിക്കറ്റും രണ്ടാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ 14 റണ്‍സിന് 3 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്. കൂടാതെ 156.7 കിമീ വേഗതയില്‍ പന്തെറിഞ്ഞ് സീസണിലെ ഏറ്റവും വേഗതയേറിയ ബോളെന്ന റെക്കോര്‍ഡും മായങ്ക് സ്വന്തമാക്കി കഴിഞ്ഞു. വേഗതയ്ക്ക് പുറമെ പന്തിന്റെ മുകളിലുള്ള നിയന്ത്രണമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ടി20 ലോകകപ്പില്‍ ബുമ്രയ്‌ക്കൊപ്പം മായങ്ക് കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിര മറ്റ് ടീമുകള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.