ആളിക്കത്തിയ ശേഷം അതിവേഗം ഉരുകി തീര്‍ന്ന ഒരു മെഴുക് തിരിക്ക് തുല്യമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവസ്ഥ. ആരാധകരെ കോരിത്തരിപ്പിക്കുന്ന ഇന്നിഗ്‌സുകളും ജയങ്ങളും തുടര്‍ക്കഥയായപ്പോള്‍ ഐ പി എല്‍ പന്ത്രണ്ടാം സീസണ്‍ ഇത്തവണ ദിനേഷ് കാര്‍ത്തിക്കിന് സ്വന്തമാകുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ വിശ്വസിച്ചു.
എന്നാല്‍ പാതിവഴിയില്‍ അവസാനിച്ചു നൈറ്റ് റൈഡേഴ്‌സിന്റെ ആ ഇന്നിംഗ്സ്. ജയങ്ങള്‍ക്ക് പിന്നാലെ തുടര്‍ തോല്‍വികള്‍ പിന്നാലെ ടീമില്‍ ആശയക്കുഴപ്പവും തര്‍ക്കവും. സൂപ്പര്‍താരം ആന്ദ്രേ റസല്‍ തുടങ്ങിവച്ച വാക് പോര് കാര്‍ത്തിക്കിനെ നോവിച്ചു.
വിന്‍ഡീസ് താരത്തിനെ ലക്ഷ്യം വച്ചു തന്നെ കാര്‍ത്തിക്കും പരസ്യമായി തുറന്നടിച്ചു. പിന്നീട് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പഞ്ചാബ് താരം സാം കറന്‍ നല്‍കിയ അനായാസ ക്യാച്ച് റിങ്കു സിംഗ് നിലത്തിട്ടതിന് പിന്നാലെ ഫീല്‍ഡിംഗ് മോശമാണെന്ന് വ്യക്തമാക്കി കാര്‍ത്തിക് ഗ്രൌണ്ടില്‍ വെച്ച് സഹതാരങ്ങളോട് ദേഷ്യപ്പെട്ടു.
ബോളിംഗ് ലഭിക്കാത്തതില്‍ സുനില്‍ നരെയ്ന്‍ ക്യാപ്‌റ്റനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും റോബിന്‍ ഉത്തപ്പ നരെയ്‌നെ പിന്തുണയ്‌ക്കുന്നതും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. ടീമിലെ ഈ പ്രശ്‌നങ്ങളാണ് മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
ടീമിലെ ഒത്തൊരുമ നഷ്‌ടപ്പെട്ടതാണ് പരാജയത്തിന് കാരണമെന്നാണ് വിമര്‍ശനം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 133 റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്. റസല്‍ അടക്കമുള്ള വമ്പന്മാര്‍ അതിവേഗം കൂടാരം കയറിയെങ്കിലും 16മത് ഓവറില്‍ 100 കടന്നു. ഏഴാം ഓവറില്‍ ക്രീസിലെത്തി ഒടുക്കം വരെ തട്ടിക്കളിച്ച ഉത്തപ്പ മികച്ച സ്‌കോര്‍ നേടുന്നതില്‍ വില്ലനായി. നിര്‍ണായക സമയത്ത് പോലും മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു തകര്‍ച്ചയ്‌ക്ക് വഴിവച്ചതെന്ന വിമര്‍ശനം ശക്തമാണ്. ടീം അന്തരീക്ഷം ദയനീയമാണെന്നുംതെറ്റായ ബോളിംഗ് തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്നുമാണ് റസല്‍ പറഞ്ഞത്.
വളരെയധികം സമ്മദർദം നിറഞ്ഞ മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റിൽ പിന്നിൽ നിന്നു കുത്തുന്നതും, കൂടെനിൽക്കുന്നവർ പാലം വലിക്കുന്നതും സാധാരണമാണ്. ഇക്കാര്യത്തെക്കുറിച്ചു താന്‍ ബോധവാനാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുമെന്നുമാണ് റസലിനെ ഉന്നംവെച്ച് കാർത്തിക് പിന്നീട് പറഞ്ഞത്.