ഐപിഎല്‍ അവസാനിക്കുന്നതോടെ ധോണി വീട്ടിലിരിക്കുമോ ?; ഗാംഗുലിയുടെ വാക്കില്‍ എല്ലാമുണ്ട്
ധോണിക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാതില്‍ അടയുന്നോ ?; തുറന്നടിച്ച് ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഐപിഎല്ലില്‍ പൂനെ താരമായ ധോണി ബാറ്റിംഗില്‍ പതിവായി പരാജയപ്പെടുന്നതാണ് ഗാംഗുലിയെ ഈ പരാമര്‍ശം നടത്താന്‍ പ്രേരിപ്പിച്ചത്.
ഏകദിനത്തില്‍ മികച്ച താരമാണ് ധോണി, എന്നാല്‍ ട്വന്റി-20യില്‍ അനുയോജ്യനായ താരമാണോ അദ്ദേഹമെന്നതില്‍ എനിക്ക് സംശയമുണ്ട്. 10 വര്‍ഷത്തിനിടയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ധോണിക്ക് കുട്ടി ക്രിക്കറ്റില്‍ നേടാന്‍ സാധിച്ചത്. അതൊരു മികച്ച നേട്ടമായി താന്‍ കാണുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് ഞാനാണെങ്കില്‍ ധോണിയെ ടീമിലുള്‍പ്പെടുത്തുമെന്നും പക്ഷേ ധോണി റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യാ ടുഡെയോടാണ് ഗാംഗുലി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൂനെ ടീമില്‍ മോശം ഫോം തുടരുന്ന ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. നേരത്തെ പൂനെ ജെയ്‌ന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ധോനിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയിരുന്നു.