IPL 10: അടിക്ക് ഒരു കുറവുമുണ്ടായില്ല, പക്ഷേ ജയം പഞ്ചാബിനൊപ്പം - മുംബൈ പൊരുതി വീണു
പതറിവീണു മുംബൈ; പഞ്ചാബിനും പ്ലേഓഫ് സാധ്യത
നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഏഴു റണ്‍സ് വിജയം. 231 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെ 14 പോയിന്റുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ നിലനിര്‍ത്തി.
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്കായി ലെൻഡൽ സിമണ്‍സ് (59), പാർഥിവ് പട്ടേൽ(38), ഹാർദിക് പാണ്ഡ്യ (30), കാൺ ശർമ (19), കീറോൺ പൊള്ളാർഡ് ( 50) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ജയം മാത്രം അകന്നു നിന്നു. പൊള്ളാര്‍ഡ് ക്രീസില്‍ ഉണ്ടായിട്ടും ജയം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത് മുംബൈയ്‌ക്ക് തിരിച്ചടിയായി.
ഐപിഎലിൽ സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമെന്ന നിലയില്‍ കളത്തിലിറങ്ങിയ പഞ്ചാബിനായി വൃദ്ധിമാൻ സാഹ (55 പന്തുകളിൽ 93 നോട്ടൗട്ട്) പുറത്തെടുത്ത ബാറ്റിംഗാണ് വന്‍ ടോട്ടല്‍ സമ്മാനിച്ചത്. മാർട്ടിൻ ഗപ്റ്റിൽ(36), മാക്സ്‌വെൽ(47), ഷോൺ മാർഷ്(25) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.