ഗൾഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാന്‍ ഓഫറുമായി എയർ ഇന്ത്യ
ഗൾഫ് റൂട്ടിൽ 50 കിലോ അധിക ലഗേജ് ഒാഫറുമായി എയർ ഇന്ത്യ
വിമാന യാത്രക്കാരെ ആകർഷിക്കാൻ കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്‍പത് കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ രംഗത്ത്. ഇക്കണോമി ക്ലാസുകാർക്ക് മാത്രമായി കഴിഞ്ഞദിവസം ആരംഭിച്ച ഈ ആനുകൂല്യം ഒക്ടോബർ 31 വരെയായിരിക്കും ലഭ്യമാകുക.
അതേസമയം, ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ അനുവധിക്കില്ല. ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാനാണ് കേരളത്തിലേയ്ക്കും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാർക്കാണ് ഈ ഓഫർ നൽകുന്നത്.
ദുബായിൽ നിന്ന് കൊച്ചി, മുംബൈ, കോഴിക്കോട്, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുമാണ് ഈ ഓഫർ ലഭ്യമാകുക. മാത്രമല്ല എട്ട് കിലോ ഗ്രാം ഹാൻഡ് ലഗേജും ലാപ്ടോപ്പും കൊണ്ടുപോകാനും സാധിക്കും.
അതേസമയം, ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളെല്ലാം ഈ എട്ടു കിലോയിൽ ഉൾപ്പെടുമെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യയിൽ നിലവിൽ 40 കിലോ വരെയായിരുന്നു ലഗേജ് അനുമതി. ഇതിൽക്കൂടുതൽ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.