ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക. കൊവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന ഒന്നും തന്നെ ചെയ്‌തില്ല. അതിനാൽ സംഘടനക്കുള്ള ധനസഹായം അവസാനിപ്പിക്കുന്നുവെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനക്ക് നൽകുന്നത്.
കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനക്കെതിരെ അമേരിക്ക നേരത്തെയും രംഗത്തെത്തിയിരുന്നു. മുപ്പത് ദിവസത്തിനകം രോഗം തടയുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിർത്തലാക്കുമെന്നായിരുന്നു ഭീഷണി.നിലവിൽ അമേരിക്കയിൽ 18 ലക്ഷത്തിനടുത്ത് രോഗികളും ഒരു ലക്ഷത്തിന് മുകളിൽ മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
2019 ഡിസംബറിൽ തന്നെ ലോകാരോഗ്യ സംഘടനക്ക് കൊറോണ വൈറസ് വ്യാപനത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നും ചൈനയ്ക്ക് വേണ്ടി ഈ വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്നും ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.