പുഴയിൽ നീന്താൻ പോയപ്പോൾ തലച്ചോർ കാർന്ന് തിന്നുന്ന അമീബ കയറി; ജീവനോട് മല്ലിട്ട് പത്ത് വയസുകാരി
പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെയാണ് മൂക്കിലൂടെ തലച്ചോര്‍ തിന്നുന്ന അമീബ കയറിയത്.
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ ശരീരത്തിൽ കടന്നതിനെ തുടർന്ന് ജീവനോട് മല്ലിട്ട് പെണ്‍കുട്ടി. പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെയാണ് മൂക്കിലൂടെ തലച്ചോര്‍ തിന്നുന്ന അമീബ കയറിയത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. അതേസമയം 97 ശതമാനം മരണനിരക്കുള്ള രോഗാവസ്ഥയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ലിലി അവന്റ് എന്ന പത്തുവയസുകാരിയെയാണ് നെയ്ഗ്ലേറിയ ഫൗലേറി എന്ന തലച്ചോര്‍ തിന്നുന്ന അമീബ പിടികൂടിയത്. സാധാരണ ചൂടുള്ള ശുദ്ധജലത്തിലാണ് ഈ അമീബയെ കണ്ടുവരാറുള്ളത്.
സെപ്റ്റംബര്‍ രണ്ടിന് അമേരിക്കയിലെ തൊഴിലാളി ദിന അവധിക്ക് വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിയതെന്നാണ് നിഗമനം.സെപ്തംബര്‍ എട്ടിന് രാത്രിയാണ് കുട്ടിക്ക് അസ്വസ്ഥതകള്‍ തുടങ്ങിയത്. തലവേദന ആയിട്ടായിരുന്നു തുടക്കം. പിന്നീട് കടുത്ത പനിയായി. സ്‌കൂളില്‍ നിരവധി പേര്‍ക്ക് പനിയുണ്ടായിരുന്നതിനാല്‍ ആശുപത്രി അധികൃതരും ഇത് വൈറല്‍ പനിയാകുമെന്നാണ് ആദ്യം കരുതിയത്. പനിക്കുള്ള മരുന്ന് നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
എന്നാല്‍ ലിലിയുടെ നില പിന്നീട് വഷളാവുകയായിരുന്നു. സെപ്തംബര്‍ പത്തിന് ലിലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് പെണ്‍കുട്ടി കണ്ണ് തുറന്നിരുന്നെങ്കിലും ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. ഇതോടെയാണ് വിശദമായ പരിശോധനയ്ക്ക് വിധേയയാക്കിയത്.
മൂക്കിലൂടെ ശരീരത്തില്‍ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിക്ക് ഇതേത്തുടര്‍ന്നുണ്ടായത്. അമീബ സര്‍വ്വസാധാരണമാണെങ്കിലും ഈ അസുഖം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമായാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ അത്യന്തം അപകടകാരിയാണ് ഈ അസുഖം.