ഒറ്റപ്രസവത്തില്‍ 17 കുട്ടികൾ; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ഒറ്റപ്രസവത്തിലൂടെ 17 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിലൂടെ കാതറീന്‍ ബ്രിഡ്‌ജ് എന്ന യുവതി ലോകറെക്കോര്‍ഡിന് ഉടമയായി എന്ന വിവരം റിച്ചാര്‍ഡ് കമറിന്റ എന്ന ഫേസ്‌ബുക്ക് ഉപയോക്താവാണ് ഫോട്ടോകള്‍ സഹിതം പോസ്‌റ്റ് ചെയ്‌തത്.
അമേരിക്കന്‍ സ്വദേശിയായ യുവതിക്ക് ഒറ്റപ്രസവത്തില്‍ 17 ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ച കഥ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞയിടയ്‌ക്ക് വൈറലായിരുന്നു. മൂന്ന് ഫോട്ടോകള്‍ക്കൊപ്പമായിരുന്നു ഈ അത്ഭുതകഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഗര്‍ഭിണിയായ യുവതി,17 കുഞ്ഞുങ്ങള്‍, കുഞ്ഞുങ്ങളും ഒരു പുരുഷനും എന്നിവരാണ് ആ ഫോട്ടോകളിലുണ്ടായിരുന്നത്. എന്നാല്‍, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയ ആ കഥ വ്യാജമാണെന്ന് തെളിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒറ്റപ്രസവത്തിലൂടെ 17 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിലൂടെ കാതറീന്‍ ബ്രിഡ്‌ജ് എന്ന യുവതി ലോകറെക്കോര്‍ഡിന് ഉടമയായി എന്ന വിവരം റിച്ചാര്‍ഡ് കമറിന്റ എന്ന ഫേസ്‌ബുക്ക് ഉപയോക്താവാണ് ഫോട്ടോകള്‍ സഹിതം പോസ്‌റ്റ് ചെയ്‌തത്. 17 കുട്ടികള്‍ളുടെയും പേരുകളും ഫേസ്‌ബുക്ക് പോസ്‌റ്റിലുണ്ടായിരുന്നു. വിമന്‍സ് ഡെയിലി മാഗസിന്‍ എന്ന വെബ്‌സൈറ്റില്‍ വന്ന ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്കും പോസ്‌റ്റിനൊപ്പമുണ്ടായിരുന്നു.
കെട്ടിച്ചമച്ച കഥയില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണ് ഇതെന്നാണ് ഇന്ത്യാ ടുഡേയുടെ വ്യാജവാര്‍ത്ത വിരുദ്ധ വിഭാഗം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആക്ഷേപഹാസ്യ വെബ്‌സൈറ്റായ വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കെട്ടുകഥയാണ് വാര്‍ത്തയ്‌ക്ക് അടിസ്ഥാനം. വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ഗര്‍ഭിണിയുടെ ചിത്രവും വ്യാജമായി സൃഷ്ടിച്ചതാണ്. കുഞ്ഞുങ്ങള്‍ പിതാവിനൊപ്പം എന്ന അടിക്കുറിപ്പോടെ വന്ന ചിത്രമാകട്ടെ ഒരു ഡോക്ടര്‍ തന്റെ ഫെയ്‌സ്‌ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതാണ്.