പ്രതിഷേധാഗ്നിയില്‍ പാക് തലസ്ഥാനം; സ്വകാര്യ ചാനലുകൾക്കു വിലക്ക് - ലാഹോറിലെ തെരുവുയുദ്ധം രൂക്ഷമാകുന്നു
പാക് തലസ്ഥാനത്ത് തെരുവുയുദ്ധം; സ്വകാര്യ ചാനലുകൾക്കു വിലക്ക്
പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം കൂടുതൽ രൂക്ഷമായി. സൈന്യവും പ്രതിഷേധക്കാരും തമ്മിൽ തെരുവുയുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റുമുട്ടലിനിടെ പൊലീസുകാരൻ കൊല്ലപ്പെടുകയും 150ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പാകിസ്ഥാന്‍ നിയമമന്ത്രിയായ സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭം മറ്റു തെരുവുകളിലേക്കും വ്യാപിക്കുന്നതായാണു റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പൊലീസ് വാഹനങ്ങളെല്ലാം തീയിട്ടുനശിപ്പിച്ചും കല്ലേറു നടത്തിയും പ്രതിഷേധക്കാരും രംഗത്തുണ്ട്.
പ്രതിഷേധ രംഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും സ്വകാര്യ ടെലിവിഷൻ ചാനലുകളെ സർക്കാർ വിലക്കി. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണു സർക്കാർ ഭാഷ്യം. തീവ്ര മതനിലപാടുകാരായ തെഹ്രീക് ഇ ലബായിക് യാ റസൂൽ അള്ളാ പാക്കിസ്ഥാൻ എന്ന സംഘടനയാണ് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്നത്.