മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ കുടുംബത്തിന് പ്രതിമാസ ചെലവിനായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് നല്‍കിയ അപേക്ഷ ഐക്യരാഷ്‌ട്ര സംഘടാ രക്ഷാമമിതി അംഗീകരിച്ചു.
പാക് സര്‍ക്കാരിന്റെ ആവശ്യത്തില്‍ എതിര്‍പ്പ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് രക്ഷാസമിതി തീരുമാനം കൈക്കൊണ്ടത്. ഓഗസ്‌റ്റ് പതിനഞ്ചാം തിയതിക്ക് മുമ്പായി എതിര്‍പ്പുള്ളവര്‍ അറിയിക്കണമെന്നായിരുന്നു രക്ഷാസമിതി വ്യക്തമാക്കിയത്. ഇതിനിടെ എതിര്‍പ്പുയര്‍ത്തി ആരും രംഗത്ത് വന്നില്ല. ഇതോടെയാണ് സയീദിന്റെ കുടുംബത്തിന് പണം അനുവദിക്കാന്‍ പാകിസ്ഥാന് അനുമതി നല്‍കിയത്.
സയീദിന്റേത് നാലംഗ കുടുംബമാണ്. ഭക്ഷണം, വെള്ളം, വസ്‌ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം 1,50,000 പാക് കറന്‍സി (68,132.33 ഇന്ത്യൻ രൂപ) പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്‌ട്ര സംഘടനയില്‍ ആവശ്യമായി പറഞ്ഞത്.
ആഗോള തലത്തിലുള്ള എതിര്‍പ്പ് ശക്തമായതോടെ സയീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പാക് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍, ലഹോറിലെ എഞ്ചിനിയറിംങ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ 1974 മുതൽ 1999 വരെ അധ്യാപകനായി സയീദ് ജോലി ചെയ്‌തിരുന്നു. ഈ വകയില്‍ പെന്‍ഷനും ഇയാള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. ഈ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സയീദ് സര്‍ക്കാരിനെ സമീപിച്ചു. ഇതോടെയാണ് പാക് ഭരണകൂടം ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചത്.