മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കി,മന്ത്,സിക്ക വൈറസ് തുടങ്ങി അനേകം രോഗങ്ങളെ വഹിക്കുന്നവരാണ് കൊതുകുകൾ. രാത്രിയിൽ കൊതുകിന്റെ മൂളലുകൾ കാരണം മാത്രം ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇതിനിടെ ആകാശം മൊത്തം പൊതിഞ്ഞുകൊണ്ട് ഒരു കൊതുക് സാമ്രാജ്യം തന്നെ രൂപപെട്ടാൽ എങ്ങനെയിരിക്കും.
സൂര്യനെ തന്നെ മറയ്‌ക്കുന്ന വിധത്തിൽ കൊതുകുകളുടെ ഒരു ചുഴലിക്കാറ്റ് തന്നെ രൂപപ്പെട്ടിരിക്കുകയാണ് റഷ്യയിൽ. ആദ്യ കാഴ്‌ച്ചയിൽ പൊടിക്കാറ്റെന്ന് തോന്നിപ്പിക്കുമെങ്കിലും കോടിക്കണക്കിന് വരുന്ന കൊതുകുകളുടെ കൂട്ടമായിരുന്നു ഇത്. 2020ൽ അമേരിക്കയിൽ സമാനമായി കൊതുകുകൾ ഉണ്ടാവുകയും അത് നൂറുകണക്കിന് കന്നുകാലികളുടെ മരണത്തിന് കാരണമാകുകയും ചെയ്‌തിരുന്നത്രെ. ഇതിന് പിന്നാലെയാണ് റഷ്യയിൽ നിന്നുള്ള വാർത്തകൾ വരുന്നത്.
റഷ്യൻ അസ്റ്റ് കാംചാറ്റ്സ്ക് പ്രദേശത്ത് പൊടിപടലങ്ങളുടെ ചുഴലിക്കാറ്റെന്ന് തോന്നുന്ന വീഡിയോ പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് അത് കൊതുകിന്റെ കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊതുകുകള്‍ ഒന്നിച്ച് പറന്നുയര്‍ന്നപ്പോള്‍ ചുഴലിക്കാറ്റിന് സമാനമായ അനുഭവമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം ഇത് പുതുതായി പറന്നുയര്‍ന്ന കൊതുകിന്‍ കൂട്ടമല്ലെന്നും മറിച്ച് കൊതുകുകളുടെ ഇണചേരൽ പ്രതിഭാസമാണെന്നും വിദഗ്ദര്‍ പറയുന്നു. കൊതുകുകളുടെ കൂട്ടം പ്രദേശവാസികൾക്ക് ഒട്ടേറെ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.