ബമാക്കോ: സൈനിക കലാപത്തിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്റ്റ രാജിവച്ചു. ബുധനാഴ്ച രാവിലെയോടെ ദേശീയ ടെലിവിഷനിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. സർക്കാരിനെയും മാലി അസംബ്ലിയെയും പിരിച്ചുവിട്ടതായി ഇബ്രാഹിം ബൗബാക്കർ കെയ്റ്റ അറിയിയ്ക്കുകയായിരുന്നു. സർക്കാർ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് സൈന്യം കലാപം അഴിച്ചുവിട്ടത്.
ഇബ്രാഹിം ബൗബാക്കർ കെയ്റ്റയെയും പ്രധാനമന്ത്രി ബൌബൗ സിസ്സെയെയും കലാപകാരികളായ സൈനികർ ബന്ദികളാക്കിയിരുന്നു. സർക്കാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോപം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നായിരുന്നു കലാപം. ഈ ആവശ്യം ഉന്നയിച്ച് മാലിയിൽ പ്രക്ഷോപം നടന്നുവരികയായിരുന്നു. സായുധ സേന പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളഞ്ഞ ശേഷം ആകാശത്തേയ്ക്ക് വെടിയുതിർത്ത് ഭീകരാന്തരീഷം സൃഷ്ടിയ്ക്കുകയായിരുന്നു.