ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍; ബെയ്‌റൂട്ട് ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലെബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു
ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെ തിരിച്ചടിയുമായി ഇസ്രയേല്‍. ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍ ആക്രമണം ഉണ്ടായത്. അതിനു മറുപടിയായി ഇസ്രയേല്‍ സൈന്യം ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മധ്യ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മധ്യപൂര്‍വ ദേശത്ത് സ്ഥിതി കൂടുതല്‍ വഷളാകുകയാണ്.
ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലെബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. ഹിസ്ബുള്ളയെ നേരിടാന്‍ ലെബനനിലേക്കു കരമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ എട്ട് സൈനികരെയാണ് ഇസ്രയേലിനു നഷ്ടപ്പെട്ടത്. അതിനു പിന്നാലെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.
2006നുശേഷം ഇതാദ്യമായാണ് ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍ വെടിയുതിര്‍ക്കുന്നത്. ഇസ്രയേല്‍ എന്തെങ്കിലും ചെയ്താല്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാന്‍ താക്കീത് നല്‍കി. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.