അന്താരാഷ്ട്ര നാണയനിധിയുടെ(ഐഎംഎഫ്) ആസ്ഥാനം വാഷിങ്‌ടണിൽ നിന്നും ബെയ്‌ജിങ്ങിലേക്ക് മാറ്റുമോയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ കഷ്ടപ്പെടുമ്പോൾ നിലവിലെ വളർച്ചാനിരക്കിൽ ചൈന മുന്നോട്ട് കുതിക്കുകയാണ്. ഇക്കാര്യം ചൂണ്ടികാണിച്ചാണ് തരൂരിന്റെ ട്വീറ്റ്.
ഐഎംഎഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുകയെന്നും തരൂർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ 75 വർഷമായി ആസ്ഥാനം വാഷിങ്‌ടൺ ആണെങ്കിലും കൊവിഡിന് ശേഷമുള്ള സാമ്പത്തിക വളർച്ച കണക്കിലെടുക്കുമ്പോൾ ആസ്ഥാനം ബെയ്‌ജിങ്ങിലോട്ട് മാറ്റേണ്ടി വരുമോ എന്നാണ് തരൂരിന്റെ ചോദ്യം.
ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ 4.3% ചുരുങ്ങുമെന്നും ചൈന മാത്രമായിരിക്കും വളർച്ച രേഖപ്പെടുത്തുന്ന പ്രധാനസമ്പദ് വ്യവസ്ഥയെന്നുമാണ് ഐഎംഎഫ് പറയുന്നത്. 2020ൽ 1.9 ശതമാനം വളർച്ച ചൈനക്കുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രവചനം. 2021ൽ ഇത് 8.4 ശതമാനമായിരിക്കും എന്നാൽ യുഎസിന്റെ വളർച്ച ഇതേ കാലയളവിൽ 3.1 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് മുൻപ് പറഞ്ഞതും തരൂർ മറ്റൊരു ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്.