ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉത്പാദന ശേഷിയാണ് ഇന്ന് ലോക്കത്തിന്റെ ഏറ്റവും വലിയ സ്വത്തെന്ന് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടെറസ്. ആഗോള വാക്സിൻ ക്യാംപെയിനിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുവഹിയ്ക്കാൻ സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യ ആയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകിയതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന തലവന്റെ പ്രസ്താവന. 'ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ട്. വാക്സിനായി ഇന്ത്യൻ സ്ഥാപനങ്ങളെ ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിൻ ക്യാംപെയിൻ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിൽ ഉണ്ടെന്ന് പ്രതീക്ഷിയ്ക്കുന്നു. ഇന്ത്യയുടെ വാക്സിൻ ഉത്പാദന ശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് ലോകം തിരിച്ചറിയും എന്ന് കരുതുന്നു.' അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.