ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷങ്ങൾ വർധിച്ചിരിക്കെ ഓസ്ട്രേലിയയുമായി നിർണായക സൈനിക കരാറിൽ ഒപ്പിട്ട് ഇന്ത്യ. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്.കൊവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിർച്വൽ കൂടികാഴ്‌ചയിലാണ് കരാർ ഒപ്പിട്ടത്.
കരാർ നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങളിലെ സേനകൾക്കും രണ്ട് രാജ്യങ്ങളൂടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാനാവും.യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറക്കുകയും അറ്റകുറ്റപണികൾ ചെയ്യുകയും ചെയ്യാം. മേഖലയിലെ ചൈനീസ് ഭീഷണിയെ പ്രതിരോധിക്കാനാണ് പുതിയ നീക്കം. മുൻപ് അമേരിക്കയുമായും സമാനമായ കരാറിൽ ഇന്ത്യ ഒപ്പിട്ടിരുന്നു.