വളരെ പെട്ടെന്നാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായി മാറിയത്. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹത്തെ അതിവേഗ വളർച്ച അയൽരാജ്യമായ ഇന്ത്യ ആകാംഷയോടെ ഉറ്റു നോക്കുകയാണ്. സൈന്യത്തെ തഴുകിയും അല്‍പ്പം തീവ്ര നിലപാട് സ്വീകരിച്ചുമാണ് ഇമ്രാന്‍ തന്റെ വഴി എളുപ്പമാക്കിയത്. പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ഇമ്രാൻ ഖാൻ ആള് ചില്ലറക്കാരനല്ല എന്നത് തിരിച്ചറിയേണ്ടതാണ്.
ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹം വിരമിക്കലിന് ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങി. 2012 മുതൽ രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തി. പൊതുജനവികാരം കണക്കിലെടുത്ത് അദ്ദേഹം സൈന്യത്തിനൊപ്പം നിന്നു. അവരുടെ നിലപാടുകൾക്ക് എപ്പോഴും പിന്തുണ നൽകി.
നവാസ് ശെരീഫ് അഴിമതിക്കേസില്‍ പെടുകയും സുപ്രീംകോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഇമ്രാന്‍ ഖാന് വഴി കൂടുതല്‍ വ്യക്തമായി തെളിഞ്ഞത്. ബേനസീര്‍ ഭൂട്ടോയുടെ മരണത്തോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച പിപിപിയുടെ ശക്തി ക്ഷയിച്ചു. അങ്ങനെ മറുപക്ഷത്ത് നിന്ന രണ്ട് പാർട്ടികളെയും ഇമ്രാൻ ഖാന് പ്രതിരോധിക്കാൻ കഴിഞ്ഞു.
നവാസ് എപ്പോഴും ഇന്ത്യക്കൊപ്പമായിരുന്നുവെന്നും രാജ്യ കാര്യങ്ങൾ നോക്കാതെ ഇന്ത്യക്കനുകൂലമായ നിലപാടുകൾ എടുക്കാനായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്നും ഇമ്രാൻ വാതോരാതെ പ്രസംഗിച്ചു. സൈന്യം ഇമ്രാന്‍ ഖാന് അനുകൂലമായതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ എളുപ്പമായി.
കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന നിലപാടാണ് ഇമ്രാന്‍ ഖാനുള്ളത്. ഇന്ത്യക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.