കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യത വർധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. ആഗോള താപനം കടലിൽ ഉണ്ടാക്കുന്ന മാറ്റമാണ് അപകടകരമായ തിരമാലകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അഗോള താപനം കടലിൽ അപകടകരമായ മാറ്റമുണ്ടാക്കുന്നതായി കണ്ടെത്തിയത്.
ആഗോള താപനത്തെ തുടർന്ന് സമുദ്രോപരിതലത്തിലെ ചൂട് വർധിച്ചുവരുന്നതാണ് ഇതിന് കാരണമായി മാറുന്നത്. 1948മുതലുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആഗോള താപനത്തെ തുടർന്ന് ഓരോ വർഷവും തിരമാലകളുടെ ശക്തിയിൽ 0.4 ശതമാനം വർധനവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്.
കാറ്റിൽനിന്നുള്ള ഊർജ്ജമാണ് തിരമാലകളുടെ ശക്തിക്ക് പിന്നിൽ. സമുദ്ര ഉപരിതലത്തിലെ ചൂട് വർധിക്കുന്നതോടെ തിരമാലകളുടെ ശക്തിയിലും വർധനവുണ്ടകുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കാറ്റിന്റെ പാറ്റേർണിൽ വരുന്ന മാറ്റവും ഇതിൽ നിർണായക ഘടകമായി മാറുന്നു. തീരപ്രദേശങ്ങളെയും ദ്വിപുകളെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക.