ബ്രിട്ടന്റെയും ബ്രെക്സിറ്റിന്റെയും ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റിവ് പാർട്ടി വിജയത്തിലേക്ക്. നിലവിൽ വോട്ടെണ്ണിയ 459 സീറ്റുകളിൽ കൺസർവേറ്റീവ് പാർട്ടിക്ക് 236 സീറ്റുകളും പ്രതിപക്ഷമായ ജെറെമി കോർബൈന്റെ ലേബർ പാർട്ടിക്ക് 161 സീറ്റുകളുമാണുള്ളത്. ഇതോടെ ബ്രിട്ടൺ 2020 ജനുവരി 31ന് തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്കോട്ടിഷ് നാഷണൽ പാർട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആകെയുള്ള 650 സീറ്റുകളിൽ 326 സീറ്റുകളാണ് വിജയിക്കുവനായി ആവശ്യമുള്ളത്. എക്സിറ്റ് പോളുകൾ എല്ലാം തന്നെ കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചിരുന്നത്.നിലവിൽ ലേബർ പാർട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കൺസർവേറ്റീവ് പാർട്ടി മുന്നേറ്റം തുടരുന്നത്. 357 സീറ്റുകൾ വരെ കൺസർവേറ്റീവ് പാർട്ടി നേടുമെന്നാണ് പ്രവചനം.
2016 ൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാൻ ഹിതപരിശോധനയിലൂടെ തീരുമാനിച്ച ശേഷം നടക്കുന്ന മൂന്നാമത് പൊതുതെരഞ്ഞടുപ്പാണിത്. നേരത്തെയുള്ള കരാർ പ്രകാരം ഒക്ടോബർ 31ന് ബ്രെക്സിറ്റ് കരാറിൽ സമവായത്തിലെത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.