വസ്‌ത്രധാരണത്തിന്റെ പേരില്‍ വിമാനത്തിൽ കയറ്റാന്‍ വിസമ്മതിച്ച ജീവനക്കാര്‍ക്കെതിരെ യുവതി. എമിലി ഒ’കോണർ എന്ന യാത്രക്കാരിയാണ് തോമസ് കുക്ക് എയർലൈൻ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ക്ഷമാപണവുമായി കമ്പനി അധികൃതര്‍ രംഗത്ത് എത്തി.
മാർച്ച് രണ്ടിന് യുകെയിലെ ബിർമിങ്ഹാമിൽനിന്ന് കാനറി ദ്വീപിലേക്കു പോകാൻ വിമാനത്തിലാണ് സംഭവമുണ്ടായത്. സ്പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സും ധരിച്ചാണ് എമിലി എത്തിയത്. സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോള്‍ വസ്‌ത്രം മാറണമെന്ന് നാല് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
വേറെ വസ്ത്രം ധരിക്കണമെന്ന് ജീവനക്കാര്‍ വാശിപിടിച്ചതോടെ യാത്രക്കാരുമായി താന്‍ സംസാരിച്ചു. അവരിലാര്‍ക്കും തന്റെ വസ്‌ത്രധാരണത്തില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ സ്‌പീക്കറില്‍ സംസാരിച്ചു. ഇത് തന്നെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും എമിലി വ്യക്തമാക്കി.
യാത്രക്കാരിലൊരാള്‍ തന്റെ വസ്ത്രത്തെക്കുറിച്ച് പരാതി പറഞ്ഞുവെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു. തര്‍ക്കം നീണ്ടതോടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നൽകി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തിൽ കയറ്റിയില്ലെന്നും എമിലി പറഞ്ഞു.
ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച തോമസ് കുക്ക് എയർലൈൻസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.