വാഷിങ്‌ടൺ: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം 37,780 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഏഴര ലക്ഷത്തോളം പേർക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 1.64.759 പേർ രോഗ വിമുക്തരായി എന്നത് ആശ്വാസം നൽകുന്നതാണ്.
ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 812 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ ഇറ്റലിയിൽ മാത്രം മരണം 11,519 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഏറ്റവുമധികം ആളുകൾ മരിച്ചത് സ്പെയിനിലാണ്. 913 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സ്പെയിനിൽ മരണം 7,716 ആയി.
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാണ്, മരണസംഖ്യ 3,148 ആയി ഉയർന്നു. ഇന്നലെ മാത്രം 565 പേർ മരിച്ചു. 20,000ത്തോളം ആളുകൾക്കാണ് അമേരിക്കയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഫ്രൻസിൽ 3024 പേരും ഇറാനിൽ 2757 പേരും ബ്രിട്ടനിൽ 1408 പേരും കോവിഡ് 19 ബാധയെ തുടർന്ന് മരിച്ചു.