കോവിഡ്-19 മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് ചൈനയിലെ വുഹാനില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ അജ്ഞാത രോഗത്തിനു ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് ചൈനയില്‍ സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ്, 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ അജ്ഞാത രോഗത്തിനു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍, ആശുപത്രിയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് ചൈനയെ മുള്‍മുനയില്‍ നിര്‍ത്തുന്നു. എന്നാല്‍, അമേരിക്ക ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
ചൈനയില്‍ നിന്നാണോ കോവിഡ് ഉത്ഭവമുണ്ടായതെന്ന് യുഎസിന് സംശയമുണ്ട്. ഇക്കാര്യം അന്വേഷണ വിധേയമാക്കാനാണ് സാധ്യത.