വാഹനങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാൻ ഒരു അവസരം ഒരുക്കുകയാണ് ഷാർജാ ക്ലാസിക് കാർ മ്യൂസിയം. ഇരുപതാം നുറ്റണ്ടിൽ നിരത്തുകളെ അടക്കിവാണിരുന്ന പ്രമുഖ കാറുകകളും അവയുടെ ചരിത്രവുമാണ് ഷാർജയിലെ ക്ലാസിക് കാർ മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നത്.
1915 മുതലുള്ള കാറുകൾ മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം വരെ നിർമ്മിച്ച കാറുകളാണ് മ്യൂസിയത്തിൽ പ്രധാനമായും പ്രദർശനത്തിനുള്ളത്. കാറുകളെ കുറിച്ചും അവ നിർമ്മിച്ച കമ്പനികളെക്കുറിച്ചും നേരിട്ട് മനസിലാകാവുന്ന തരത്തിലാണ് മ്യൂസിയം. ഓരോ കാറിന്റെയും ചരിത്രം, എഞ്ചിൻ സവിശേഷതകൾ, നിർമ്മാണ രീതി, സാങ്കേതികവിദ്യ തുടങ്ങി മുഴുവൻ കാര്യങ്ങളും മ്യൂസിയത്തിൽനിന്നും മനസിലാക്കാം.
വാഹനലോകത്ത് ഓരോ കാലഘട്ടത്തിൽ വന്ന മാറ്റങ്ങളും, ഒരോ കലാത്തും രൂപപ്പെട്ട സാങ്കേതികവിദ്യയും പുതിയ കാലത്തിന് വിവരിച്ച് നൽകുന്നതാണ് മ്യൂസിയം. 1915ൽ പുറത്തിറങ്ങിയ ഡോഡ്ജ് എന്ന വാഹനമാണ് മ്യൂസിയത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലാസിക് വാഹനം. 1918ൽ നിർമ്മിച്ച ഫോർഡ് കാറും ഒരു നൂറ്റാണ്ട് മുൻപ് തന്നെ ശബ്ദമില്ലാത്ത എഞ്ചിനുമായി പുറത്തിറങ്ങിയ റോൾസ്‌റോയ്സ് കാറും മ്യൂസിയത്തിലെ പ്രധാന ആകർഷകങ്ങളാണ്.