താലിബാനുമായി ചർച്ചനടത്തുമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം താലിബാൻ സായുധ സംഘത്തെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. ബലം പ്രയോഗിച്ചാണ് അഫ്‌ഗാന്റെ അധികാരം താലിബാൻ സ്വന്തമാക്കിയതെന്നും ഇസ്ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാൻ സർക്കാരായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നിലപാടുകൾ താലിബാന് അനുകൂലമാണ്. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ ഒരു പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണ് അഫ്‌ഗാനുമായുള്ള സൗഹൃദം. അതിനാൽ തന്നെ നിലവിലെ സ്ഥിതിഗതികൾ പരിഗണിച്ചുകൊണ്ടുള്ള ഒരു നീക്കമായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുക.