അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. അതേസമയം ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരിൽ 20 ഇന്ത്യൻ വംശജരുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യൻവംശജർക്ക് ഇത് വലിയ നേട്ടമാണ്. തിരെഞ്ഞെടുക്കപ്പെട്ട ഈ 20 പേരിൽ 13 പേർ സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.ഉദ്ഘാടന ചടങ്ങിന് മുമ്പുതന്നെ ഇത്രയധികം ഇന്ത്യൻ വംശജർക്ക് വിവിധ ചുമതലകൾ നൽകുന്നത് ഇതാദ്യമാണ്.വൈറ്റ് ഹൌസ് മാനേജ്മെൻറ് ആൻഡ് ബജറ്റ് ഡയറക്ടറായി നാമനിർദ്ദേശം ചെയ്യപ്പെട്ട നീര ടൻഡൻ, യുഎസ് സർജൻ ജനറലായ ഡോ. വിവേക് മൂർത്തി എന്നിവരാണ് പട്ടികയിൽ സുപ്രധാനമായ സ്ഥാനങ്ങളിൽ ഉള്ളത്.
കാശ്‌മീർ വേരുകളുള്ള രണ്ടുപേരും പുതിയ ഭരണസംഘത്തിലുണ്ട്. അതേസമയം അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിൽ എത്തിയിട്ടുണ്ട്.