ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പുസ്തകങ്ങളുടെ ബി ബി സി പട്ടികയിൽ ഇടംനേടി മലയാളി എഴുത്തുക്കാരി അരുന്ധതി റോയി. അരുന്ധതി റോയുടെ ആദ്യപുസ്തകമായ ദി ഗോഡ് ഓഫ് സ്മാൾ തിംഗ്സ് ആണ് പട്ടികയിൽ ഇടം നേടിയത്. അരുന്ധതിക്ക് പുറമേ ഇന്ത്യൻ എഴുത്തുകാരായ ആർ കെ നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്‌സ്, വിക്രം സേത്തിന്റെ എ സൂട്ടബിൾ ബോയ്, വി എസ് നയ്പോൾ എഴുതിയ എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ് എന്നീ പുസ്തകങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ടൈംസ് ലിറ്റററി സപ്ലിമെന്റ് എഡിറ്റർ സ്റ്റിഗ് ആബെൽ, ബ്രാഡ്‌ഫോർഡ് സാഹിത്യോത്സവത്തിന്റെ ഡയറക്ടർ സിമ അസ്ലം, എഴുത്തുകാരായ ജൂനോ ഡോസൺ, കിറ്റ് ഡി വാൾ, അലക്സാണ്ടർ മക്കാൽ സ്മിത്ത്, പത്രപ്രവർത്തകൻ മരിയെല്ല ഫ്രോസ്ട്രപ്പ് എന്നിവരടങ്ങുന്ന പാനലാണ് ബി ബി സിക്കുവേണ്ടി പട്ടിക തയ്യാറാക്കിയത്.
സ്നേഹം, ലൈംഗികത, പ്രണയം, സാഹസികത, ജീവിതം, മരണം, ഫാന്റസി, ശക്തിയും പ്രതിഷേധവും, വർഗ്ഗവും സമൂഹവും, പ്രായം, കുടുംബം, സൗഹൃദം, കുറ്റകൃത്യം, സംഘർഷം, വ്യവസ്ഥാലംഘനം, സ്വത്വം എന്നിങ്ങനെ പത്തോളം വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പട്ടികയിൽ വിവാദ എഴുത്തുക്കാരൻ സൽമാൻ റുഷ്ദിയുടെ ദി മൂർസ് ലാസ്റ്റ് സൈ എന്ന പുസ്തകവും ഇടം നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷാ നോവലിന്റെ ജനനമെന്ന് വിശ്വസിക്കപ്പെടുന്ന ഡാനിയൽ ഡിഫോയുടെ റോബിൻസൺ ക്രൂസോയുടെ 300മത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബി ബി സി ലോകത്തെ സ്വാധീനിച്ച 100 പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.