ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഒരാഴ്ചയായിട്ടും തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശീയ മാര്‍ഗനിര്‍ദേശങ്ങളും വാര്‍ത്തകളും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ +44-2078369147 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. inf.london@mea.gov.in എന്ന മെയില്‍ വ്‌ലാസവും നല്‍കിയിട്ടുണ്ട്. ബ്രിട്ടനിലെ സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കൗമാരക്കാരന്‍ കുത്തികൊലപ്പെടുത്തിയ സംഭവമാണ് പിന്നീട് അഭയാര്‍ഥികള്‍ക്കെതിരായ പ്രക്ഷോഭമായി മാറിയത്. അക്രമി അഭയാര്‍ഥികള്‍ ഒരാളാണെന്ന വസ്തുതാവിരുദ്ധമായ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും ആക്രമങ്ങളുണ്ടായി.
നാനൂറോളം പ്രക്ഷോഭകാരികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇന്നും രാജ്യത്ത് നിരവധി റാലികളാണ് പ്രക്ഷോഭകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയെന്നും സൈനികര്‍ ഉള്‍പ്പെടുന്ന പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ അറിയിച്ചു.