കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ രണ്ട് ദിവസത്തിനിടെ 50 കുട്ടികള്‍ കൊല്ലപ്പെട്ടു
ഗാസ മുനമ്പിലെ രണ്ട് പോളിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു
വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമായി വടക്കന്‍ ഗാസയിലെ ജബലിയയില്‍ 50 ലേറെ കുട്ടികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ ഏജന്‍സിയായ യുനിസെഫ്. ഗാസയില്‍ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇസ്രയേല്‍ കൂട്ടക്കുരുതി തുടരുകയാണ്. ഗാസയിലെ പോളിയോ വാക്‌സിന്‍ കേന്ദ്രത്തില്‍ അടക്കം ഇസ്രയേല്‍ അക്രമം നടത്തിയെന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഗാസ മുനമ്പിലെ രണ്ട് പോളിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. പോളിയോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യുനിസെഫ് ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിലെ വടക്കന്‍ പ്രവിശ്യയിലുള്ള ഷെയ്ഖ് റദ്വാനിലെ പോളിയോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്. തങ്ങളുടെ ജീവനക്കാര്‍ക്ക് അടക്കം പരുക്കേറ്റ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,341 ആയി ഉയര്‍ന്നു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ മരുന്ന് അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. വടക്കന്‍ ഗാസയിലാണ് സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കില്ലെന്ന ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയത്. എന്നാല്‍ വാക്‌സിന്‍ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.