ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന്റെ ചരിത്രനേട്ടം എല്ലാവരും ആഘോഷിച്ചപ്പോള്‍ അതിനും മുന്നേ സ്വർണത്തിലേക്ക് കുതിച്ച് കയറിയ മാനസിയെന്ന പെൺകുട്ടിയെ അധികം ആരും അറിഞ്ഞില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെയാണ് മാനസിയും സ്വർണം അണിഞ്ഞത്.
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തിയ മാനസി നയന ജോഷിയെ അഭിനന്ദിക്കാനും ആരുമെത്തിയില്ല. സിന്ധുവിനും മുന്നേ ഇന്ത്യയ്ക്കായി പൊന്നണിഞ്ഞ മാനസിയെ ഇന്ത്യൻ ജനത കാണാതെ പോവുകയായിരുന്നു.
ആരും തന്നെ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാകും ശരി. സിന്ധുവിനെ നേരിട്ട് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പോലും മാനസിയുടെ വിജയം കണ്ടില്ല. നരേന്ദ്ര മോദിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനേയും തങ്ങളുടെ ഈ ചരിത്ര നേട്ടത്തെ കുറിച്ച് മാനസി ട്വീറ്റിലൂടെയാണ് അറിയിച്ചത്. പിന്നാലെ കായികമന്ത്രി വിജയിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു.
ഒടുവിൽ, മാനസിയെ അഭിനന്ദിച്ച് സിന്ധു നേരിട്ടെത്തിയിരിക്കുകയാണ്. തനിക്കും മുന്നേ ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞവളെ അഭിനന്ദനങ്ങൾ കൊണ്ട് പുൽകുകയാണ് സിന്ധു. 2011-ല്‍ സംഭവിച്ച റോഡപകടത്തില്‍ മാനസിയുടെ ഇടത്തെ കാല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തളരാത്ത മനസ്സുമായി കോര്‍ട്ടിലേക്ക് തിരിച്ചുവന്ന താരത്തിന്റെ പോരാട്ട വീര്യത്തിനുള്ള പ്രതിഫലമാണിപ്പോൾ ലഭിച്ചത്.