ചായകുടിക്കുക എന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. തുടര്‍ച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാലും ചായകുടിയുടെ കാര്യം വരുമ്പോള്‍ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയാറില്ല.
തലവേദനയ്ക്കും ഉന്മേഷത്തിനും ചായ ഉത്തമ പരിഹാരമാണ്. ഒരുപാട് രീതിയില്‍ ചായ ഉണ്ടാക്കാം. ഇതില്‍ ആരോഗ്യത്തിന് ഗുണകരമായ നാല് ചായകള്‍ ഏതെല്ലാമെന്ന് നോക്കാം.
ജോലിയുടെ ടെന്‍ഷനും തലവേദനയും എല്ലാം ഒന്ന് കുറച്ചുകിട്ടാന്‍ എന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരു ജീരകച്ചായ കിട്ടിയാലോ? അതെന്താണെന്നാണോ? ജീരകം ഒരു നുള്ളെടുത്ത് ആദ്യം ഒരു 10 സെക്കന്‍ഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ അല്പ്പം തേനും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് കഴിച്ചോളൂ. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം മാറ്റാന്‍ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് ജീരകച്ചായ.
അടുത്തത് കറുവാപ്പട്ട ചായയാണ്. ഒന്നര കപ്പ് വെള്ളത്തില്‍ ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ഇട്ട് അടുപ്പില്‍ വയ്ക്കുക. ചെറിയ ചൂടില്‍ തിളയ്ക്കുന്നതാണ് ഉത്തമം. അതിനാല്‍ സ്റ്റൗ ലോ ഫ്‌ലേമില്‍ വയ്ക്കുക. ഒരു 20 മിനിറ്റിന് ശേഷം വെട്ടിത്തിളച്ച് തുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക. ആറിയ ശേഷം ഉപയോഗിക്കാം. മധുരമോ തേനോ ചേര്‍ക്കേണ്ടതില്ല. കറുവാപ്പട്ടയ്ക്ക് ഒരു മധുരമുണ്ടല്ലോ. കൊളസ്‌ട്രോളിന് അത്യുത്തമമാണ് ഈ കറുവാപ്പട്ട ചായ. ശരീരവേദനയ്ക്കും ഈ ചായ ഗംഭീരമാണ്.
കുങ്കുമപ്പൂവ് ചായയെ കുറിച്ച് ഇനി പറയാം. കുങ്കുമപ്പൂവ് സീരിയലും കണ്ട് ചായ കുടിക്കുന്നതിനെ കുറിച്ചല്ല. അല്പ്പം കുങ്കുമപ്പൂവ് ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അഞ്ചുപത്ത് മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് തിളച്ച വെള്ളവും തേനും ചേര്‍ക്കുക. കാന്‍സറിനെ പ്രതിരോധിക്കാനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തടയുന്നതിനും കുങ്കുമപ്പൂവ് ചായയ്ക്ക് കഴിവുണ്ട്. കാഴ്ചശക്തി വര്‍ദ്ധിക്കാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്.
ഇനി ഏലക്ക ചായയാണ്. ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിര്‍ത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.