ശരീരത്തിന്റെ ആരോഗ്യത്തിനായി നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ശരീരത്തെ താങ്ങി നിർത്തുന്ന എല്ലുകളൂടെ ആരോഗ്യത്തെ കുറിച്ച് മറക്കും. എല്ലുകളുടെ ആരോഗ്യം പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് 30 വയസിന് ശേഷം ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വേദന കുടാതെ നടക്കാൻ പോലും നമുക്ക് സാധിച്ചേക്കില്ല.
എല്ലുകളുടെ ആരോഗ്യത്തിൽ ഏറ്റവുമധികം വില്ലനാകുന്നത് നമ്മുടെ മടി തന്നെയണ്. വ്യായാമം ചെയ്യാതെ മടിച്ചിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കും അതിനാൽ. ദിവസവും അൽപനേരം നടക്കുകയോ, ഓടുകയോ ചെയ്യുക. വീട്ടിൽ തന്നെ ലഘു വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതാണ്.
പുകവലിയും മദ്യപാനാവും എല്ലുകളുടെ അരോഗ്യത്തെയും സാരമായി ബാധിക്കും. പുകവലിക്കുന്നതോടെ ഓസ്റ്റിയോപൊറോസീസ് എന്ന അസുഖം ബാധിക്കുന്നതിന് കാരണമാകും. മദ്യപാനം എല്ലുകൾ കാൽസ്യം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനവും മദ്യപാനം കുറക്കും.
അമിത ഭാരം എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, എല്ലുകളുടെ ബലക്ഷയത്തിന് ഇത് കാരണമാകും. ഭാരം കുറയുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. സുര്യ പ്രകാശം ശരീരത്തിൽ ഏൽക്കാതിരിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. ഇളം വെയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിൽ വളരെ പ്രധാനമാണ്.