കടുത്ത ചൂടിന്റെ മൂന്ന് മാസങ്ങളാണ് ഇനി നമുക്ക് മറികടക്കാനുള്ളത്. പൊള്ളുന്ന വെയിൽ ചൂടിൽ നിന്നും ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ നമ്മൾ പ്രത്യേകമായി തന്നെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ധരിക്കുന്ന വസ്ത്രങ്ങളിൽ തുടങ്ങി ജീവിതചര്യയിലും ഭക്ഷണ പാനിയങ്ങളിലും എല്ലാം ശ്രദ്ധ നൽകേണ്ടതുണ്ട്.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ചൂട് തന്നെ കേരളത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. മലബാർ ജില്ലകളിൽ ചൂട് കടുക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിൽപ്പ് നൽകിക്കഴിഞ്ഞു. രാവിലെ 11നും ഉച്ചക്ക് 3നും ഇടയിലുള്ള സമയത്ത് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
പുറത്തുപോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിച്ച് തലക്ക് സംരക്ഷണം നൽകുക. കോട്ടൺ വസ്ത്രങ്ങൾ മാത്രമേ ചൂട് കാലത്ത് ധരിക്കാവു. വെള്ളം ധാരാളമായി കുടിക്കുക, സാധരണ കുടിക്കുന്നതിലും ഇരട്ടി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന്റെ താപനില ക്രമപ്പെടുത്താൻ ഇടക്കിടെ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
പഴങ്ങളും പച്ചക്കറികളുമാണ് ചൂടുള്ളപ്പോൾ കൂടുതലായും കഴിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ പോഷണങ്ങളും ജലാംശവും ഇതുവഴി ലഭിക്കും. നാരങ്ങാവെള്ളം ദിവസേന കുടിക്കുന്നതും നല്ലതാണ്. മാംസാഹാരങ്ങളും ദഹിക്കാൻ അധിക സമയം എടുക്കുന്ന മറ്റു ആഹാരങ്ങളും ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.