തോടുപൊളിക്കാത്ത, തിളച്ച വെള്ളത്തില്‍ പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം? പലർക്കും അറിയാത്ത ഒരു കാര്യമാണത്. പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും തമ്മിലുള്ള വ്യത്യാസം എങ്ങനെ കണ്ട് പിടിക്കാമെന്ന് നോക്കാം.
അടുക്കളിലെ ടേബിളിൽ പുഴുങ്ങിയ ഒരു മുട്ടയെടുത്ത് വെച്ച ശേഷം സ്പീഡിൽ അത് കറക്കി നോക്കൂ. പുഴുങ്ങിയ മുട്ട നല്ല അടിപൊളിയായി കറങ്ങുന്നത് കാണാം. പെട്ടെന്നുതന്നെ അതിന്‍റെ കറക്കം നിര്‍ത്താനും കഴിയും. പിടിച്ചാലുടന്‍ അത് കറക്കം നിർത്തും.
എന്നാൽ, പുഴുങ്ങാത്ത മുട്ട നേരെ മറിച്ചാണ്. വലിയ ബുദ്ധിമുട്ടാണ് ഒന്ന് കറങ്ങിക്കിട്ടാന്‍. സ്പീഡില്‍ കറങ്ങാനും മടി. എന്നാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കിയാലോ? ഇത്തിരികൂടി കറങ്ങിക്കോട്ടേ എന്ന മട്ടില്‍ വീണ്ടും കറങ്ങാനുള്ള ടെന്‍ഡന്‍സി പ്രകടിപ്പിക്കുകയും ചെയ്യും.
പൂര്‍ണമായും പുഴുങ്ങിയ മുട്ടയുടെ ഉള്‍വശം ഖരരൂപത്തിലാണ്. അത് വേഗം വട്ടംകറക്കാന്‍ പറ്റും. എന്നാല്‍ പുഴുങ്ങാത്ത മുട്ടയുടെ ഉള്‍വശം ദ്രാവകരൂപത്തിലാണ്, കറങ്ങിക്കിട്ടാന്‍ പണിപ്പെടും. ഇനി ഇക്കാര്യം ശ്രദ്ധിച്ചാൽ മതി.