എല്ലാവര്‍ക്കും ഒരേ ഉയരമല്ല. ചിലര്‍ക്ക് പൊക്കം കൂടുതലായിരിക്കും, ചിലര്‍ക്ക് കുറവും. മനുഷ്യര്‍ക്ക് ഉയരമെപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എന്തുകൊണ്ടാണിങ്ങനെയൊക്കെ?
മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് നിരവധി ഹോര്‍മോണുകളാണ്. ഇതില്‍ പ്രധാനമായവ ഗ്രോത്ത് ഹോര്‍മോണും തൈറോയിഡ് ഹോര്‍മോണും ലൈംഗിക ഹോര്‍മോണുകളും ആണ്. ഗ്രോത്ത് ഹോര്‍മോണ്‍ നമ്മുടെ എല്ലുകളുടെ വളര്‍ച്ച നിലയ്ക്കുന്ന പ്രായത്തിലോ അതിനും മുമ്പോ അമിതമായി ഉത്പാദിപ്പിക്കപ്പെട്ടാല്‍ ഭീമാകാരമായ ഉയരമാകും ഫലം. ജൈജാന്‍റിസം എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിളിക്കുന്നത്.
അതേസമയം, എല്ലുകളുടെ ഒക്കെ വളര്‍ച്ച നിലച്ചാലും അകാരണമായി ഗ്രോത്ത് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെട്ടാല്‍ ശരീരത്തിന്റെ ആകൃതി വല്ലാതെ മാറി എല്ലുകള്‍ വീര്‍ക്കാന്‍ തുടങ്ങും. അക്രോമെഗലി എന്ന രോഗാവസ്ഥയാണിത്. ഈ രണ്ടു രോഗങ്ങളും തലച്ചോറിന്റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന പിട്യൂട്ടറി ഗ്രന്ഥിയുടെ ട്യൂമര്‍ കൊണ്ടാണ് ഉണ്ടാകുന്നത്.
എന്നാല്‍ ജൈജാന്‍റിസം ഉണ്ട് എന്ന് പറയണമെന്നുണ്ടെങ്കില്‍ പുരുഷന് ഏഴടിയില്‍ കൂടുതലും സ്ത്രീക്ക് ആറടിയില്‍ കൂടുതലും പൊക്കം കാണണം. അമിതമായ പൊക്കം ഒരു പരിധിവരെ പാരമ്പര്യത്തിന്റെ ഭാഗമാകാം. പക്ഷേ, ഇവര്‍ക്ക് ജൈജാന്റിസം ഉണ്ടാകാറില്ല.
എന്നാല്‍ അമിതമായ പൊക്കമുള്ളവര്‍ അതായത് ജൈജാന്റിസം ബാധിച്ചവര്‍ക്ക് ശ്വാസകോശങ്ങള്‍ വലുതായി വികസിക്കുന്ന എംഫൈസീമ പോലെ ഉള്ള സ്ഥിതിവിശേഷം ഉണ്ടാകാം. ഇവരുടെ ശ്വാസകോശത്തിന്റെ പ്രതലത്തില്‍ ചെറിയ കുമിളകള്‍ കാണാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഈ കുമിളകള്‍ ചിലപ്പോള്‍ ചെറിയ അധ്വാനം ചെയ്യുന്ന സമയത്തോ, അധികം ചുമയ്ക്കുന്ന സമയത്തോ പൊട്ടി ശ്വാസകോശത്തിന്റെ പുറത്തുള്ള പ്ളൂറയ്ക്കുള്ളില്‍ വായു കെട്ടിനില്‍ക്കുന്ന ന്യൂമോതോറാക്സ് എന്ന അസുഖം ഉണ്ടാകും.
ഹൃദയപ്രശ്നങ്ങളും എല്ല് തേയ്മാനവും അമിത പൊക്കമുള്ള ഇത്തരക്കാരില്‍ കണ്ടുവരുന്നു. അമിതമായ ഗ്രോത്ത് ഹോര്‍മോണ്‍ മൂലം ഹൃദയത്തിന്റെ മാംസപേശികള്‍ തടിക്കുകയും കാര്‍ഡിയോമയോപ്പതി എന്ന രോഗം ഉണ്ടാകുകയും ചെയ്യാം. കൂടാതെ ഇവരുടെ സന്ധികളിലെ കാര്‍ട്ടിലേജുകള്‍ അധികം വളരുകയും തേയ്മാനം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇവര്‍ക്കു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന രോഗം കൂടുതലായി കാണും.
അമിതമായ പൊക്കമുള്ള ശരീരപ്രകൃതിയുള്ള വേറൊരു സ്ഥിതിവിശേഷമാണ് മര്‍ഫാന്‍സ് സിന്‍ഡ്രോം. ഈ വ്യക്തികളുടെ ശരീരത്തിലെ കോളാജന്‍ നാരുകളുടെ ഘടനയില്‍ ജന്മനായുള്ള ചില തകരാറുമൂലമുള്ള രോഗമാണിത്. ഇവരുടെ സന്ധികള്‍ക്ക് അമിതമായ ഇലാസ്തികത ഉണ്ടാകും. ഇങ്ങനെയുള്ളരുടെ ഹൃദയവും ഹൃദയത്തില്‍ നിന്നു തുടങ്ങുന്ന അയോര്‍ട്ട പോലുള്ള വലിയ ധമനികളുടെ കോളാജന്‍ നാരുകളുടെ കുഴപ്പം കാരണം ഹൃദയവാല്‍വുകളിലെ തകരാറുകള്‍ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
ഉയരം കൂടിയിരിക്കുന്ന അവസ്ഥയ്ക്ക് കാരണമായ ഹോര്‍മോണുകള്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാതിരുന്നാലോ? അങ്ങനെ സംഭവിക്കുന്നവരുടെ പൊക്കം വളരെ കുറഞ്ഞുപോകും. പൊക്കം വളരെ കുറഞ്ഞ അവസ്ഥയെ ഡ്വാര്‍ഫിസം എന്നാണ് പറയുന്നത്. പുരുഷന് അഞ്ചടിയില്‍ കുറവും സ്ത്രീക്ക് നാലര അടിയില്‍ കുറവുമാണ് ഉള്ളതെങ്കില്‍ മാത്രമേ അത് ഡ്വാര്‍ഫിസമാകുന്നുള്ളു.
എന്നാല്‍ ഈ അളവിലും കുറഞ്ഞ ഉയര്‍ക്കാരും ഉണ്ടാകുന്നുണ്ട്. ഇത്തരക്കാരെ വിളിക്കുന്നത് ഷോര്‍ട്ട് സ്റ്റാച്ചര്‍ എന്നാണ്. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍, ഹൃദയത്തിനും ശ്വാസകോശത്തിനും കുടലുകള്‍ക്കും ഉള്ള അസുഖങ്ങള്‍, വളരുന്ന കാലത്ത് ആവശ്യത്തിനുള്ള പോഷകാഹാരക്കുറവ്, ചിലതരം ജനിതക രോഗങ്ങള്‍, അസ്ഥിരോഗങ്ങള്‍ എന്നിവ മൂലം ഷോര്‍ട്ട് സ്റ്റാച്ചര്‍ ഉണ്ടാകാം.
ശരീരത്തിലെ അഡ്രിനല്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണ്‍ വളരുന്ന പ്രായത്തില്‍ കൂടുതല്‍ ഉണ്ടായാല്‍ ഉയരത്തെ ബാധിക്കാം. കൂടാതെ പാരമ്പര്യവും ഉയരക്കുറവിന് പ്രധാന കാരണമാണ്.
ഡ്വാര്‍ഫിസം അഥവ കുള്ളത്വം രണ്ടു വിധമുണ്ട്. ഉടലിന്റെയും വളര്‍ച്ച സാധാരണ കുട്ടിയുടേതു പോലെയാണെങ്കില്‍ അതു പ്രോപ്പോഷനേറ്റ് ഡ്വാര്‍ഫിസമെന്നും കാലും കൈയും വളരെ നീളക്കുറവും തലയും മറ്റും സാധാരണനിലയിലാണെങ്കില്‍ അതിനെ ഡിസ്പ്രോപ്പോഷനേറ്റ് ഡ്വാര്‍ഫിസമെന്നും പറയുന്നു.