രാത്രി ഉറക്കത്തില്‍ വിയര്‍ക്കുന്നത് പലരെയും മാനസികമായി അലട്ടുന്ന പ്രശ്‌നമാണ്. എന്താണ് സംഭവിക്കുന്നത്, ഗുരുതരങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കകളാകും എല്ലാവരെയും അലട്ടുന്നത്. രാത്രിയില്‍ അമിതമായ തോതില്‍ വിയര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ശരീര ഊഷ്‌മാവ് ക്രമീകരിക്കാന്‍ ശരീരം തന്നെ നടത്തുന്ന പ്രക്രിയകളില്‍ ഒന്നാണ് വിയര്‍ക്കുക എന്നത്. ചില മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ തകരാര്‍, ലോ ബ്ലഡ് ഷുഗര്‍, അമിതവണ്ണം, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍ രോഗം, സ്‌ട്രെസ്, ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം എന്നിവയും രാത്രികാലങ്ങളിലെ വിയര്‍പ്പിന് കാരണമാകും.
ട്യൂബർക്കുലോസിസ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രാത്രി കാലത്ത് അമിതമായി വിയര്‍ക്കും. ചില ബാക്ടീരിയൽ അണുബാധകള്‍, എച്ച്ഐവി എന്നിവ ഉണ്ടെങ്കിലും വിയര്‍പ്പ് ശല്യം രൂക്ഷമാകാം.
രാത്രികാലത്തെ വിയര്‍പ്പ് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണവുമാകാം. ചെറിയ പനി, ഭാരം കുറയുക എന്നിവയും ചേര്‍ന്നാണ് ഈ ലക്ഷണം എങ്കില്‍ സൂക്ഷിക്കുക. ലിംഫോമ, സ്തനാര്‍ബുദം എന്നിവ ഉള്ളവരില്‍ കാരണമില്ലാതെ രാത്രി വിയര്‍പ്പ് ഉണ്ടാകാം.