തൃശൂരില്‍ എച്ച് 1 എന്‍ 1 ഭീതി: ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക
ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണം
തൃശൂര്‍ ജില്ലയില്‍ എച്ച് 1 എന്‍ 1 രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ രണ്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഫലപ്രദമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണം. പേടിക്കേണ്ട സാഹചര്യമില്ല. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ കൃത്യമായ ചികിത്സ തേടണം. ജില്ലയില്‍ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. മണലൂരും കൊടുങ്ങല്ലൂരുമാണ് രോഗം ബാധിച്ച് രണ്ടുപേര്‍ മരിച്ചത്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്.
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളില്‍ കുറയാതിരുന്നാല്‍ ഡോക്ടറെ കാണണം. കാലതാമസം രോഗം ഗുരുതരമാകാനും മരണത്തിനും ഇടയാക്കും.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. വായുവിലൂടെയാണ് രോഗം പകരുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. കൈവശമില്ലെങ്കില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഉപയോഗിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കൂടെക്കൂടെ കഴുകണം. രോഗികള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ വിശ്രമിക്കുക. ഉത്സവ കാലമായതിനാല്‍ പൊതുയിടങ്ങളില്‍ ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കഴിയുന്നതും മാസ്‌ക് ധരിക്കുക.