Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Breast cancer: സ്തനാര്‍ബുദം ഇനി നേരത്തേ കണ്ടെത്താം; സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കുന്നു

Breast cancer: സ്തനാര്‍ബുദം ഇനി നേരത്തേ കണ്ടെത്താം; സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, ശനി, 20 ജനുവരി 2024 (19:08 IST)
Breast cancer: സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, പാല ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 5 ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളില്‍ കൂടി ഉടന്‍ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആര്‍ദ്രം മിഷന്റെ ഭാഗമായി സമഗ്ര കാന്‍സര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീന്‍ ചെയ്തു വരുന്നു.
 
ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 7.9 ലക്ഷത്തിലധികം പേര്‍ക്കാണ് സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാന്‍സര്‍ സ്തനാര്‍ബുദമാണ്. അതിനാല്‍ തന്നെ സ്തനാര്‍ബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കുന്നു.
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി. തലശേരി എംസിസിയിലും റോബോട്ടിക് സര്‍ജറി ഉടന്‍ യാഥാര്‍ത്ഥ്യമാകും. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട്, കാന്‍സര്‍ രജിസ്ട്രി എന്നിവ നടപ്പിലാക്കി.
 
ഇതുകൂടാതെ കാന്‍സര്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍ നടത്തി വരുന്നു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കാന്‍സര്‍ പ്രാരംഭ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആര്‍സിസിയിലും എംസിസിയിലും പ്രധാന മെഡിക്കല്‍ കോളേജുകളിലും നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. ഇതോടൊപ്പം സ്തനാര്‍ബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശീലനവും സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.
സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന എക്‌സ്-റേ പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുന്നതിനാല്‍ രോഗം സങ്കീര്‍ണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തില്‍ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് സ്തനാര്‍ബുദമല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖത്തിന് തിളക്കം കുറഞ്ഞോ! മഞ്ഞള്‍ കൊണ്ടുള്ള വിദ്യകള്‍ നിരവധി