Healthy alcohol consumption: ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച് മലയാളിക്ക് അറിവ് കുറവാണ്. സോഷ്യല്‍ ഡ്രിംഗിങ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിനു നല്ലതാണ്. കഴിയുന്നതും മദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതാണ് ശരീരത്തിനു നല്ലത്. എന്നാല്‍, ആഘോഷങ്ങളിലും വീക്കെന്‍ഡുകളിലും വളരെ ചെറിയ തോതില്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല. അപ്പോഴും മദ്യത്തിന്റെ അളവില്‍ കൃത്യമായ നിയന്ത്രണം വേണം.
മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും.
മദ്യത്തിനൊപ്പം ടച്ചിങ്സ് ആയി ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, ഇത്തരത്തില്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്. ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം. സോള്‍ട്ടഡ് ചന, പച്ചക്കറി, ഫ്രൂട്ട്സ് തുടങ്ങിയവ ടച്ചിങ്സ് ആയി ഉപയോഗിക്കാം. ഫ്രൂട്ട്സാണ് കൂടുതല്‍ നല്ലത്. മദ്യത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. നിര്‍ജലീകരണമാണ് മദ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യഫലം. മദ്യപാനത്തിനു ശേഷമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്ക് കാരണം ഈ നിര്‍ജലീകരണമാണ്. അതുകൊണ്ട് വെള്ളത്തിന്റെ അംശം കൂടുതലുള്ള എല്ലാ ഫ്രൂട്ട്സും മദ്യത്തിനൊപ്പം കഴിക്കാവുന്നതാണ്.
മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്. നേരത്തെ പറഞ്ഞതു പോലെ നിര്‍ജലീകരണം ഒഴിവാക്കാനാണ് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്. മദ്യപിച്ചതിനു ശേഷം കാണുന്ന ഹാങ് ഓവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ വെള്ളം കുടി സഹായിക്കും.