ഉരുളക്കിഴങ്ങ് ചിപ്സ് കാണാന്‍ നല്ല ഭംഗിയാണ്, കഴിച്ചാല്‍ പണികിട്ടും!
പൊട്ടേറ്റോ ചിപ്സ് കഴിച്ചാല്‍ എന്തൊക്കെ കുഴപ്പങ്ങളാണെന്നറിയുമോ?
കാണാനൊക്കെ നല്ല ഭംഗിയാണ്. അല്‍പ്പം കഴിച്ചുനോക്കിയാലോ? ഒടുക്കത്തെ ടേസ്റ്റാണ്. പക്ഷേ അല്‍പ്പമേ കഴിക്കാവൂ, അവിടം കൊണ്ട് നിര്‍ത്തിയേക്കണം. നല്ല ടേസ്റ്റല്ലേ, ഒരു പായ്ക്കറ്റ് മുഴുവന്‍ അകത്താക്കിയേക്കാമെന്ന് കരുതിയാല്‍ തീര്‍ന്നു. കഴിഞ്ഞു കഥയും കാര്യവും.
പൊട്ടേറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ഉപ്പേരിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ആരോഗ്യത്തിന് അത്രയ്ക്കൊന്നും നല്ലതല്ല ഈ സാധനം. ടെസ്റ്റ് മാത്രം നോക്കി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ അത് അറിഞ്ഞുകൊണ്ട് അപകടം വരുത്തിവയ്ക്കുന്നതിന് തുല്യമാകും.
ചിപ്സില്‍ പൊതുവേ കൊഴുപ്പും കലോറിയും കൂടുതലാണ്. പൊട്ടേറ്റോ ചിപ്സിന്‍റെ കാര്യമാണെങ്കില്‍ പറയേണ്ട. അമിതഭാരവും പൊണ്ണത്തടിയുമാണ് പൊട്ടേറ്റോ ചിപ്സ് സ്ഥിരമായി കഴിച്ചാല്‍ ഫലം. ഒരു പത്തോ പതിനഞ്ചോ പീസ് പൊട്ടേറ്റോ ചിപ്സില്‍ 10 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അത്രയും ചിപ്സിന്‍റെ കലോറി 154 ആണ്. ഒരു പീസ് ഉരുളക്കിഴങ്ങ് ചിപ്സില്‍ അടങ്ങിയിരിക്കുന്നത് 14 കലോറി വരെയാണ്. പ്രമേഹം, ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ വരുത്തിവയ്ക്കാന്‍ പ്രാപ്തമാണ് അമിതമായ അളവിലുള്ള ഉരുളക്കിഴങ്ങ് ചിപ്സിന്‍റെ ഉപയോഗം.
പൊട്ടേറ്റോ ചിപ്സും കൊറിച്ച് ടിവിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫുട്ബോള്‍ മാച്ചും കണ്ട് അങ്ങനെയിരിക്കാന്‍ നല്ല സുഖമാണ്. കളി ജയിച്ചാലും തോറ്റാലും സമനിലയായാലും നിങ്ങളുടെ ആരോഗ്യത്തിന്‍റെ സമനില തെറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചിപ്സുണ്ടാക്കുന്ന എണ്ണ, കൂടുതല്‍ രുചിക്കായി ചേര്‍ക്കുന്ന അസംസ്കൃത വസ്തുക്കള്‍, ഉപയോഗിച്ചിരിക്കുന്ന ഉപ്പ് എന്നിവയെല്ലാം ആരോഗ്യം കേടുവരുത്തുന്ന രീതിയിലുള്ളതാണെങ്കില്‍ പിന്നെ കൂടുതലൊന്നും പറയേണ്ടതില്ല.
ഒരു 15 പീസ് പൊട്ടേറ്റോ ചിപ്സ് എല്ലാ ദിവസവും കഴിച്ചാല്‍ നാലുവര്‍ഷം കഴിയുമ്പോള്‍ ശരാശരി 1.69 പൌണ്ട് ശരീരഭാരം വര്‍ദ്ധിക്കും. ബീഫ് കഴിച്ചാലോ, മദ്യപിച്ചാലോ ഉണ്ടാകുന്ന ശരീരഭാര വര്‍ദ്ധനവിനേക്കാള്‍ കൂടുതലാണ് പൊട്ടേറ്റോ ചിപ്സ് കഴിച്ചാല്‍ ഉണ്ടാകുന്നത് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
പൊട്ടേറ്റോ ചിപ്സില്‍ പൊട്ടേറ്റോ ഉണ്ടെന്ന് കരുതി അത് ആരോഗ്യത്തിന് എന്തെങ്കിലും നല്ല ഗുണം ചെയ്യുന്നില്ല. നന്നായി ഫ്രൈ ആയി വരുന്ന ചിപ്സില്‍ വൈറ്റമിന്‍സും മിനറല്‍സുമൊന്നുമില്ല. കൊറിക്കുമ്പോല്‍ കിട്ടുന്ന രസമൊഴികെ ശരീരത്തിന് നല്ലതെന്നുപറയുന്ന ഒരു കാര്യവും ഉരുളക്കിഴങ്ങ് ചിപ്സില്‍ നിന്ന് കിട്ടുന്നില്ല. പൊട്ടേറ്റോ ചിപ്സില്‍ സോഡിയം കണ്ടന്‍റ് വളരെ കൂടുതലാണ്. 15 പീസ് പൊട്ടേറ്റോ ചിപ്സ് കഴിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ പോകുന്നത് 120 മുതല്‍ 180 മില്ലിഗ്രാം വരെ സോഡിയം കണ്ടന്‍റാണ്. ആകര്‍ഷകമായ പാക്കിംഗില്‍ കിട്ടുന്ന പൊട്ടേറ്റോ ചിപ്സ് അളവ് നോക്കാതെ കഴിക്കുമ്പോള്‍ ഒപ്പം വരുന്ന അസുഖങ്ങള്‍ക്ക് അത്ര ആകര്‍ഷകമല്ലാത്ത പാക്കിംഗ് ആണുള്ളതെന്ന് തിരിച്ചറിയണം.
പൊട്ടേറ്റോ ചിപ്സിലെ സോഡിയം കണ്ടന്‍റ് ആരോഗ്യത്തെ അതിഗുരുതരമായി ബാധിക്കും. അത് രക്തസമ്മര്‍ദ്ദമുയര്‍ത്തും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. വൃക്കയെ ദോഷമായി ബാധിക്കും. സ്ഥിരമായി പൊട്ടേറ്റോ ചിപ്സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഡീപ്പായിട്ട് ഫ്രൈ ചെയ്ത ചിപ്സ് കൊളസ്ട്രോള്‍ കൊണ്ടുവരും. ഉപയോഗിച്ചിരിക്കുന്ന എണ്ണയുടെ സ്വഭാവമനുസരിച്ചും കൊളസ്ട്രോള്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം.
സിനിമ കാണാന്‍ തിയേറ്ററിനുള്ളിലേക്ക് കയറുന്നതിന് മുമ്പ് പൊട്ടേറ്റോ ചിപ്സ് പായ്ക്കറ്റ് കണക്കിന് വാങ്ങി കൂടെ കൊണ്ടുപോകുന്നവരേ, വലിയ അപകടമാണ് നിങ്ങളുടെ ആരോഗ്യത്തിന് അതുണ്ടാക്കുന്നതെന്ന് അറിഞ്ഞിട്ടുവേണം അങ്ങനെ ചെയ്യാന്‍. പോപ്കോണ്‍ വാങ്ങി കഴിച്ചാലും കുഴപ്പമില്ല, പൊട്ടേറ്റോ ചിപ്സിനെ നിങ്ങള്‍ അത്ര അടുപ്പിക്കേണ്ട എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. അത് പാലിച്ചാല്‍, വര്‍ഷങ്ങളോളം നിങ്ങള്‍ക്ക് തിയേറ്ററിലെത്തി സിനിമ കാണാം. ടിവിക്ക് മുന്നിലിരുന്ന് എത്ര ഫുട്ബോള്‍ മാച്ച് വേണമെങ്കിലും ആസ്വദിക്കുകയും ചെയ്യാം.