അമിതമായി ഉപ്പ് കഴിക്കുന്നത് കൊണ്ടുള്ള ദോഷം പോലെ തന്നെ ശരീരത്തില്‍ സോഡിയം കുറയുമ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. ഇതില്‍ ആദ്യത്തേത് തലവേദനയാണ്. പതിവായി തലവേദനയുണ്ടാവുന്നത് സോഡിയത്തിന്റെ കുറവുകൊണ്ടാവാം. ശരീരത്തില്‍ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്തുന്നത് സോഡിയമാണ്. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാവാം. ഇത് തലവേദനയ്ക്ക് കാരണമാകും. മറ്റൊന്ന് അമിതമായ ക്ഷീണമാണ്.
സോഡിയം കുറയുന്നത് നെര്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് സ്ഥിരമായി ക്ഷീണത്തിന് കാരണമാകും. കൂടാതെ വിശപ്പും കുറയ്ക്കും. ഇതോടൊപ്പം തന്നെ പ്രതിരോധശേഷി കുറയുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുകയും ചെയ്യും. മറ്റൊന്ന് തലകറക്കമാണ്. സോഡിയം കുറയുമ്പോള്‍ രക്തസമ്മര്‍ദം കുറയുന്നു. ഇത് തലകറക്കത്തിനും കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെ തന്നെ താഴ്ന്ന രക്തസമ്മര്‍ദ്ദവും ഗുരുതരമാണ്.