വേണ്ടത്ര ഉറക്കം കിട്ടാത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ
1700 വ്യക്തികളിൽ വർഷങ്ങളോളം നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലുകൾ നടത്തിയത്.
രാത്രിയിൽ ഉറക്കം കുറവുള്ളയാളാണോ നിങ്ങൾ? വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് അത് കാരണമായേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ചു മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാദ്ധ്യത അഞ്ചിരട്ടിയും പ്രമേഹം വരാനുള്ള സാദ്ധ്യത മൂന്നിരട്ടിയും കൂടുതൽ ആണെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളജ് ഫോർ മെഡിസിൻ നടത്തിയ പഠനം സൂചിപ്പിക്കുന്നു.
1700 വ്യക്തികളിൽ വർഷങ്ങളോളം നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലുകൾ നടത്തിയത്. അഞ്ചുമുതൽ ആറുവരെ മണിക്കൂർ ഉറങ്ങുന്നവരിൽപ്പോലും ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നര ഇരട്ടിവരെ കൂടുതൽ ആണെങ്കിൽ പ്രമേഹമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്. എന്നാൽ ആറുമണിക്കൂറിനു മുകളിൽ ഉറങ്ങുന്നവർക്ക് ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്.
ഉറക്കക്കുറവുള്ളയാളുകൾ തങ്ങൾക്ക് ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുന്നില്ലെന്നും ഓർമ്മക്കുറവുണ്ടെന്നും പരാതിപ്പെടാറുണ്ട്. പെട്ടെന്ന് ശ്രദ്ധ മാറ്റുക, ദൃശ്യപരമായ ഓർമ്മകൾ സൂക്ഷിക്കുക, വേഗത്തിൽ കണക്കുകൂട്ടുക തുടങ്ങിയ ശേഷികൾ തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ ഉറക്കക്കുറവുള്ളവർ ദയനീയമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും പെൻസിൽവാനിയ സർവ്വകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലൈറ്റണയ്ക്കുന്നതിനു മുന്നേ വായന നടത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ലൈറ്റ് അണച്ച ശേഷം മൊബൈൽ, ടാബ്ലറ്റ്, ആമസോൺ കിൻഡിൽ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഉപയോഗിച്ച് വായന നടത്തുന്നത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും. ഈ ഉപകരണങ്ങളുടെ സ്ക്രീനിൽ നിന്നും വരുന്ന നീല കലർന്ന വെളിച്ചം ഉറക്കമുണ്ടാക്കുന്ന ഹോർമോണുകളുടെ ഉല്പാദനം കുറയ്ക്കുകയും അതുവഴി ഉറക്കം വരാതിരിക്കുന്നതിനു കാരണമാകുകയും ചെയ്യും. അതിനാൽ വായന ലൈറ്റ് ഓഫ് ചെയ്യുന്നതിനു മുന്നേ ആകുന്നതാണ് ആരോഗ്യത്തിന് ഉത്തമം.മാനസിക പിരിമുറുക്കം കൂടുതൽ ഉള്ളവരിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാനസിക പിരിമുറക്കം മൂലം ശരീരം ഉല്പാദിപ്പിക്കുന്ന കോർട്ടിസോൾ പോലെയുള്ള പദാർത്ഥങ്ങൾ ഉറക്കം ഇല്ലാതാക്കുന്നു.