'ഒന്ന് വേഗം കേറി പോ'; റൊണാള്‍ഡോയെ പരിഹസിച്ച് ദക്ഷിണ കൊറിയ താരം; 'വായടച്ച് നില്‍ക്കൂ' എന്ന് മറുപടി
സബ്സ്റ്റിറ്റിയൂട്ട് ചെയ്ത ശേഷം ബെഞ്ചിലേക്ക് പോകുന്നതിനിടെ റൊണാള്‍ഡോയെ ഒരു ദക്ഷിണ കൊറിയന്‍ താരം പരിഹസിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്
ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റെങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയിരിക്കുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ടെങ്കിലും സൂപ്പര്‍താരം റൊണാള്‍ഡോയുടെ ഫോംഔട്ട് പോര്‍ച്ചുഗലിന് വലിയ തലവേദനയാണ്. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ ഏറ്റവും കുറവ് റേറ്റിങ് ഉള്ള താരം റൊണാള്‍ഡോയാണ്. മാത്രമല്ല 65-ാം മിനിറ്റില്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു.
സബ്സ്റ്റിറ്റിയൂട്ട് ചെയ്ത ശേഷം ബെഞ്ചിലേക്ക് പോകുന്നതിനിടെ റൊണാള്‍ഡോയെ ഒരു ദക്ഷിണ കൊറിയന്‍ താരം പരിഹസിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റൊണാള്‍ഡോ തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. ഗ്രൗണ്ടില്‍ നിന്ന് പോകും നേരെ ഒരു ദക്ഷിണ കൊറിയന്‍ താരം തന്നെ നോക്കി 'ഒന്ന് വേഗം കേറി പോ' എന്ന് ആജ്ഞാപിച്ചെന്നാണ് റൊണാള്‍ഡോ പറയുന്നത്.
' ഞാന്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട സമയത്താണ് അത് സംഭവിച്ചത്. ഒന്ന് വേഗം കേറി പോ എന്ന് ദക്ഷിണ കൊറിയന്‍ താരം ആജ്ഞാപിക്കുകയായിരുന്നു. വായടച്ച് മിണ്ടാതെ നില്‍ക്കൂ എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. കാരണം അങ്ങനെ പറയാന്‍ അവന് അധികാരമില്ല. ഞാന്‍ പതുക്കെയാണ് പോകുന്നതെങ്കില്‍ വേഗം കയറി പോകാന്‍ പറയാനുള്ള അവകാശം റഫറിക്കാണ്,' റൊണാള്‍ഡോ പറഞ്ഞു.
കൊറിയന്‍ താരത്തോട് റൊണാള്‍ഡോയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസും പറഞ്ഞു. ദക്ഷിണ കൊറിയന്‍ താരം റൊണാള്‍ഡോയെ പരിഹസിക്കുകയായിരുന്നു. എല്ലാവരും അത് കണ്ടിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് സംശയമൊന്നും ഇല്ലെന്നും സാന്റോസ് പറഞ്ഞു.