ലോകകപ്പ് വിജയാഘോഷത്തിനിടെ അർജൻ്റീനൻ ഗോൾകീപർ എമിലിയാനോ മാർട്ടിനെസ് എംബാപ്പെയുടെ മുഖം പാവയുടെ ശരീരത്തോട് ചേര്‍ത്ത് അത് ഉയര്‍ത്തിപിടിച്ച് നൃത്തം ചെയ്തതിൽ മെസ്സിക്കെതിരെ വിമർശവുമായി ആരാധകർ. മാർട്ടിനെസിനൊപ്പം ഓപ്പൺ ബസിൽ മെസ്സിയും നിൽക്കുന്നുണ്ട്. പിഎസ്ജിയിലെ സഹതാരമായ എംബാപ്പെയെ ഇത്തരത്തിൽ അധിക്ഷേപിക്കുമ്പോൾ മെസ്സി ഇടപെടാത്തതിലാണ് വിമർശനം.
ഈ മാസം 29ന് നടക്കുന്ന ലീഗ് മത്സരത്തിൽ മെസ്സി പിഎസ്ജിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ അർജൻ്റീന പരാജയപ്പെടുത്തിയപ്പോൾ ടീമംഗമായ റോഡ്രിഗോ ഡീ പോൾ ബ്രസീൽ താരങ്ങൾക്ക് നേരെ ആഘോഷവുമായെത്തിയപ്പോൾ മെസ്സി ഡിപോളിനെ തടഞ്ഞിരുന്നു. ഇന്നത്തെ പിഎസ്ജി സഹതാരമായ നെയ്മറുടെ ടീമിനോട് മര്യാദ കാണിച്ച മെസ്സി എംബാപ്പെയ്ക്കെതിരെ നടക്കുന്ന പരിഹാസങ്ങൾക്ക് കണ്ണടയ്ക്കുകയാണെന്ന് വിമർശകർ പറയുന്നു.
അടുത്ത ആഴ്ച ഫ്രഞ്ച് ലീഗിൽ കളിക്കാനായി ഫ്രാൻസിലേക്ക് പോകുന്ന മെസ്സിക്ക് ഈ വിഷയത്തിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്. മെസ്സിയുമായുള്ള പിഎസ്ജിയുടെ കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴുള്ള ഈ സംഭവങ്ങൾ മെസ്സിയുടെ ക്ലബിൽ നിന്നുള്ള കൂടുമാറ്റത്തിന് കാരണമാകുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.