ലോകകപ്പ് ഫൈനലിൽ അർജൻ്റീനയോടേറ്റ പരാജയത്തിന് പിന്നാലെ ഫ്രാൻസ് തെരുവുകളിൽ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. നിരവധി നഗരങ്ങളിൽ കലാപസമാനമായ സ്ഥിതിയുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാരീസ്, നൈസ് അടക്കമുള്ള നഗരങ്ങളിൽ ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
ആരാധകരെ നിയന്ത്രിക്കാൻ പലയിടങ്ങളിലും പോലീസ് ഇടപ്പെട്ടു. അക്രമാസക്തരായ ആരാധകകൂട്ടം പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും വലിച്ചെറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അക്രമാസക്തമായ ആരാധകകൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പാരീസ് നഗരത്തിൽ കണ്ണീർ വാതകം പ്രയോഗിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിശ്ചിതസമയത്തിന് പുറമെ നൽകിയ എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-2) മറികടന്നാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. 1978,1986 വർഷങ്ങളിൽ ലോകകപ്പ് നേടിയ അർജൻ്റീന നീണ്ട 36 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ലോകകപ്പ് ജേതാക്കളാകുന്നത്.