നെയ്മര്‍ക്ക് ശസ്ത്രക്രിയ; താരത്തിന് ലോകകപ്പ് നഷ്ടമാകുമോ ? - ആരാധകര്‍ നിരാശയില്‍
നെയ്മര്‍ക്ക് ശസ്ത്രക്രിയ; താരത്തിന് ലോകകപ്പ് നഷ്ടമാകുമോ ? - ആരാധകര്‍ നിരാശയില്‍
റഷ്യന്‍ ലോകകപ്പില്‍ ടീമിലെ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുമോ എന്ന ആശങ്കയുമായി ബ്രസീല്‍. പരുക്കേറ്റ താരത്തെ ശനിയാഴ്ച ശസ്ത്രക്രിയ്ക്കു വിധേയമാക്കുന്നതാണ് ആരാധകരെ ഭയപ്പെടുത്തുന്നത്.
ശസ്ത്രക്രിയക്കു ശേഷം മൂന്നു മാസം നെയ്മറിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആശങ്ക വേണ്ടെന്നും ലോകകപ്പിൽ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നും ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ബ്രസീലിലെ ബെലോ ഹോറിസോണ്ടയിലായിരിക്കും നെയ്മറുടെ ശസ്ത്രക്രിയ നടക്കുക. പിഎസ്ജി ക്ലബിന്റെ ഡോക്ടർമാരും ബ്രസീൽ ദേശീയ ടീം അധികൃതരും ചേർന്നാണ് ശസ്ത്രക്രിയ നടത്തുന്നതിനു തീരുമാനമെടുത്തത്.
ഫ്രഞ്ച് ലീഗില്‍ മാര്‍സെയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആരാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
നെയ്മറുടെ പരുക്ക് ബ്രസീല്‍ ടീമിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരത്തിന് പരുക്കേറ്റതോടെ സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് അധികൃതര്‍ നീട്ടിവച്ചു. അതിനൊപ്പം മാര്‍ച്ച് രണ്ടിനു നടത്തേണ്ടിയിരുന്ന ടീം പ്രഖ്യാപനം 12ലേക്കു നീട്ടിവച്ചതായി ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു.