Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യാന്തര മത്സരങ്ങളില്‍ മിടുക്കന്‍ ആര്? മെസിയോ റൊണാള്‍ഡോയോ? സമഗ്രമായ കണക്കുകള്‍ ഇങ്ങനെ

രാജ്യാന്തര മത്സരങ്ങളില്‍ മിടുക്കന്‍ ആര്? മെസിയോ റൊണാള്‍ഡോയോ? സമഗ്രമായ കണക്കുകള്‍ ഇങ്ങനെ
, ഞായര്‍, 4 ജൂലൈ 2021 (09:09 IST)
ലിയോണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്നത് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും തര്‍ക്കവിഷയമാണ്. രാജ്യാന്തര മത്സരങ്ങളിലെ വമ്പന്‍ പോരാട്ടങ്ങളായ യൂറോ കപ്പും കോപ്പ അമേരിക്കയും പുരോഗമിക്കുമ്പോള്‍ ഇരു താരങ്ങളുടെയും പ്രകടനം എങ്ങനെയാണെന്ന് വിലയിരുത്താന്‍ ആരാധകര്‍ക്ക് താല്‍പര്യമുണ്ടാകും. രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 179 കളികളില്‍ നിന്ന് 109 ഗോളുകളാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടിയിട്ടുള്ളത്. എന്നാല്‍, മെസി അര്‍ജന്റീനയ്ക്കായി 149 കളികളില്‍ നിന്ന് 76 ഗോളുകളാണ് നേടിയിരിക്കുന്നത്. റൊണാള്‍ഡോയേക്കാള്‍ മുപ്പത് കളി കുറവാണ് മെസി കളിച്ചിട്ടുള്ളത്. രാജ്യാന്തര മത്സരങ്ങളിലെ അസിസ്റ്റുകളുടെ കാര്യത്തില്‍ മെസി ബഹുദൂരം മുന്നിലാണ്. റൊണാള്‍ഡോയേക്കാള്‍ മുപ്പത് കളികള്‍ കുറവ് കളിച്ചിട്ടും രാജ്യാന്തര തലത്തില്‍ അര്‍ജന്റീനയ്ക്കായി 46 അസിസ്റ്റുകള്‍ മെസിയുടെ ബൂട്ടില്‍ നിന്നു പിറന്നു. എന്നാല്‍, റൊണാള്‍ഡോയുടെ പേരിലുള്ള 32 അസിസ്റ്റുകള്‍ മാത്രം. 
 
രാജ്യാന്തര മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാല്‍ ഗോള്‍, അസിസ്റ്റ് ശരാശരിയിലേക്ക് വരുമ്പോള്‍ മെസിയാണ് കേമന്‍. ഗോള്‍ ശരാശരി എടുത്താല്‍ ഒരു മത്സരത്തില്‍ മെസിയുടേത് 0.82 ശതമാനമാണ്. റൊണാള്‍ഡോയുടേത് 0.79 ശതമാനവും. നേരിയ മേല്‍ക്കൈ മെസിക്കുണ്ട്. രാജ്യാന്തര തലത്തില്‍ കളിച്ചിട്ടുള്ള എതിര്‍ ടീമുകളുടെ ഫിഫ റാങ്കിങ് ശരാശരി കണക്കാക്കിയാലും മെസിക്ക് തന്നെയാണ് മേല്‍ക്കൈ. മെസിയുടെ കാര്യത്തില്‍ എതിര്‍ ടീമുകളുടെ ഫിഫ റാങ്കിങ് ശരാശരി 36 ആണ്. എന്നാല്‍, റൊണാള്‍ഡോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ എതിര്‍ ടീം ഫിഫ റാങ്കിങ് ശരാശരി 51 ആകും. അതായത് താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരെയാണ് റൊണാള്‍ഡോ കൂടുതല്‍ ഗോളുകള്‍ നേടിയിരിക്കുന്നതെന്നാണ് ഈ കണക്കുകളില്‍ വ്യക്തമാകുന്നത്. 
 
വമ്പന്‍ പോരാട്ടങ്ങളിലെ ശരാശരി മാത്രം എടുത്തുനോക്കിയാലും മെസിക്കാണ് ആധിപത്യം. രാജ്യാന്തര തലത്തിലെ വമ്പന്‍ പോരാട്ടങ്ങളില്‍ (ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക) റൊണാള്‍ഡോ 21 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍, മെസിയുടെ ഗോളുകളുടെ എണ്ണം 19 ആണ്. റൊണാള്‍ഡോ 2004 ലാണ് രാജ്യാന്തര തലത്തിലെ ആദ്യ വമ്പന്‍ പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മെസി ഒരു വമ്പന്‍ പോരാട്ടത്തിന് ഇറങ്ങുന്നത് 2006 ല്‍ മാത്രമാണ്. വമ്പന്‍ പോരാട്ടങ്ങളിലെ അസിസ്റ്റുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയേക്കാള്‍ വ്യക്തമായ അധിപത്യം മെസിക്കുണ്ട്. വമ്പന്‍ പോരാട്ടങ്ങളില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം അഞ്ചായി. റൊണാള്‍ഡോ നേടിയിരിക്കുന്നത് ഒരു ഫ്രീ കിക്ക് ഗോള്‍ മാത്രം. പെനാല്‍റ്റിയുടെ കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് മുന്‍തൂക്കമുണ്ട്. പെനാല്‍റ്റിയില്‍ നിന്ന് റൊണാള്‍ഡോ മൂന്നും മെസി ഒരു ഗോളും ആണ് നേടിയിരിക്കുന്നത്. പോര്‍ച്ചുഗലിന് വേണ്ടി ഒരു തവണ യൂറോ കപ്പ് എടുക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, കോപ്പ അമേരിക്കയോ ലോകകപ്പോ നേടാന്‍ ഇതുവരെ മെസിക്ക് സാധിച്ചിട്ടില്ല.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറഞ്ഞാടി മെസി, ഇക്വഡോറിനെ തകർത്ത് അർജന്റീന, കോപ്പ അമേരിക്ക സെമി ലൈനപ്പായി