ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകി സൂപ്പർ താരം ലയണൽ മെസ്സി. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ഗോൾ നേടുകയും ജൂലിയൻ ആൽവാരസ് നേടിയ 2 ഗോളുകൾക്ക് മെസ്സി വഴിയൊരുക്കുകയും ചെയ്തിരുന്നു. മത്സരശേഷമാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിലെ എൻ്റെ യാത്ര ഒരു ഫൈനലിൽ അവസാനിപ്പിക്കാനായതിൽ അവസാനമത്സരമായി ഒരു ഫൈനൽ കളിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അർജൻ്റീനയിൽ എത്രമാത്രം ആസ്വദിച്ചെന്ന് കാണുമ്പോൾ ഈ ലോകകപ്പിലെ എൻ്റെ ഓരോ നിമിഷവും വികാരനിർഭരമാണ്. അടുത്തതിനായി ഇനിയും ഒരുപാട് വർഷങ്ങളുണ്ട്. എനിക്കത് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഈ രീതിയിൽ അവസാനിപ്പിക്കുന്നതാണ് നല്ലത്. മെസ്സി പറഞ്ഞു.
ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ ഗോളടിക്കുകയും അസിസ്റ്റ് നൽകുകയും ചെയ്ത മെസ്സി നിരവധി റെക്കോർഡുകൾ തൻ്റെ പേരിൽ കുറിച്ചിരുന്നു. 1966ന് ശേഷം ഒരു ഫുട്ബോൾ ലോകകപ്പിലെ 3 വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യതാരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി.