അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്ററില്‍ ചൂടുപിടിച്ച് ഗോട്ട് (Greatest of all Time) ചര്‍ച്ച. ഒരു അന്താരാഷ്ട്ര കിരീടമില്ലാത്തതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിരുന്ന ലിയോണല്‍ മെസി മാരക്കാനയില്‍ അതിനും മറുപടി നല്‍കി കഴിഞ്ഞു. ക്ലബ് ഫുട്‌ബോളിലെയും അന്താരാഷ്ട്ര ഫുട്‌ബോളിലെയും മികച്ച പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ മെസി ബഹുദൂരം മുന്നിലാണെന്നും ഗോട്ട് വിശേഷണത്തിനു മെസി അര്‍ഹനാണെന്നും ആരാധകര്‍ അവകാശപ്പെടുന്നു. മെസിയാണ് ഗോട്ട് വിശേഷണത്തിനു അര്‍ഹനെന്ന് ട്വിറ്ററിലും ട്രെന്‍ഡിങ് ആയി കഴിഞ്ഞു.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന 12 ഗോള്‍ നേടിയപ്പോള്‍ ഇതില്‍ ഒന്‍പത് ഗോളുകളിലും മെസിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നാല് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. ടൂര്‍ണമെന്റിലെ മികച്ച താരവും ടോപ് സ്‌കോററും മെസി തന്നെയാണ്. 2014 ലോകകപ്പില്‍ അര്‍ജന്റീന ജര്‍മനിയോട് തോല്‍വി വഴങ്ങിയെങ്കിലും മെസി തന്നെയായിരുന്നു മികച്ച താരം.
കോപ്പയിലെയും ക്ലബ് ഫുട്‌ബോളിലെയും പ്രകടനം പരിഗണിച്ച് മെസിക്ക് ബാലണ്‍ദ്യോര്‍ കിട്ടാനുള്ള സാധ്യതയും വര്‍ധിച്ചു. ഇത്തവണ കൂടി ബാലണ്‍ദ്യോര്‍ ലഭിച്ചാല്‍ മെസിയുടെ കരിയറില്‍ ഏഴാം ബാലണ്‍ദ്യോര്‍ ആയിരിക്കും ഇത്.