അമേരിയ്ക്കയുടെ എക്കാലത്തെയും എതിരാളികളാണ് ഇറാൻ. അമേരിക്കൻ പാവ ഗവണ്മെൻ്റിനെ പുറത്താക്കി മതരാഷ്ട്രം രൂപീകൃതമായതിന് പിന്നാലെ പലതരത്തിൽ ഇറാനും അമേരിക്കയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആണാവായുധങ്ങൾ നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാനെതിരെ ഉപരോധം പോലും കൊണ്ടുവന്ന അമേരിക്കയുടെ വിജയത്തിൽ പക്ഷേ ആഘോഷിക്കുകയാണ് ഇറാനികൾ.
ലോകകപ്പിലെ ഇറാൻ- അമേരിക്ക മത്സരത്തിൽ ഇറാൻ തോൽവി ഏറ്റുവാങ്ങിയതോടെയാണ് അമേരിക്കയുടെ വിജയം ആഘോഷിച്ചുകൊണ്ട് ഇറാനികൾ ഇറാൻ തെരുവുകളിൽ നിറഞ്ഞത്. ഇറാനിൽ ഹിജാബ് ശരിയായി ധരിക്കാത്തതിൻ്റെ പേരിൽ മതപോലീസിൻ്റെ കസ്റ്റഡിയിൽ 22കാരിയായ മെഹ്സ അമീനി കൊല്ലപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് മതപോലീസിനെതിരെ രൂപപ്പെട്ടത്. എന്നാൽ ഇതിൽ പ്രതിഷേധവുമായെത്തിയ പ്രതിഷേധക്കാർക്കെതിരെയും കൊടിയ സമീപനമാണ് ഇറാൻ സ്വീകരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ചിരവൈരികളായ അമേരിക്കയുമായുള്ള ഇറാൻ്റെ തോൽവി ഇറാനികൾ ആഘോഷമാക്കിയത്. അകത്തും പുറത്തും അവർ തോറ്റുപോയി എന്നായിരുന്നു അമേരിക്കൻ വിജയത്തിൽ ഇറാനിയൻ മാധ്യമപ്രവർത്തകൻ അമീർ എബ്തേഹാജിയുടെ ട്വീറ്റ്. ഇറാൻ സർക്കാർ ജനങ്ങളോടും എതിരാളികളോടും കളിക്കുന്നു. രണ്ടിടത്തും തോറ്റ് പോയി അദ്ദേഹം പറഞ്ഞു.