Cristiano Ronaldo: ഗ്രൂപ്പ് ഘട്ടത്തില്‍ 'ഡക്ക്'; നാണക്കേടിന്റെ റെക്കോര്‍ഡുമായി റൊണാള്‍ഡോ
ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്ക്, ടര്‍ക്കി, ജോര്‍ജിയ എന്നീ ടീമുകള്‍ക്കെതിരെ റൊണാള്‍ഡോ കളിച്ചെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല
Cristiano Ronaldo: യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ മേജര്‍ ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും നേടാത്ത റൊണാള്‍ഡോയുടെ ആദ്യ ടൂര്‍ണമെന്റ് ആണിത്. ആദ്യമായാണ് റൊണാള്‍ഡോ ഗ്രൂപ്പ് ഘട്ടത്തില്‍ സം'പൂജ്യ'നാകുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്ക്, ടര്‍ക്കി, ജോര്‍ജിയ എന്നീ ടീമുകള്‍ക്കെതിരെ റൊണാള്‍ഡോ കളിച്ചെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല. മാത്രമല്ല പ്രകടനവും ശരാശരിയില്‍ ഒതുങ്ങി. ജോര്‍ജിയയ്‌ക്കെതിരായ മത്സരത്തില്‍ 66 മിനിറ്റ് കളത്തില്‍ ഉണ്ടായിരുന്ന റൊണാള്‍ഡോ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഒരൊറ്റ ഷോട്ട് മാത്രം, ഏഴ് പാസുകളും ! സമീപകാലത്തെ റൊണാള്‍ഡോയുടെ ഏറ്റവും മോശം പ്രകടനമാണ് യൂറോ കപ്പില്‍ ആരാധകര്‍ കാണുന്നത്.
2004 മുതല്‍ നോക്കിയാല്‍ എല്ലാ യൂറോ കപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ എങ്കിലും റൊണാള്‍ഡോ നേടിയിട്ടുണ്ട്. ലോകകപ്പില്‍ ആകട്ടെ ഇതുവരെ നേടിയ എട്ട് ഗോളുകളും ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമാണ്. ക്ലബ് ഫുട്‌ബോളില്‍ അല്‍ നാസറിനു വേണ്ടി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് റൊണാള്‍ഡോ യൂറോ കപ്പ് കളിക്കാനെത്തിയത്. എന്നാല്‍ ഇതുവരെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം താരത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.